തിരുവനന്തപുരം/കോഴിക്കോട്: കെഎസ്ആര്‍ടിസി വിദ്യാർഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കിയെന്ന വിവരത്തെത്തുടര്‍ന്ന് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. തലസ്ഥാനത്ത് കെഎസ്‌യു, എസ്എഫ്ഐ പ്രവര്‍ത്തകർ കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി. കെഎസ്‌യു പ്രവർത്തകരാണ് സിഎംഡി ഓഫീസർ എം. പി. ദിനേശിന്‍റെ ഓഫീസിനു മുന്നില്‍ ആദ്യം പ്രതിഷേധവുമായെത്തിയത്. ഓഫീസിനുള്ളിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിടയാക്കി. തുടര്‍ന്ന് മാനേജ്‌മെന്‍റ് ഇവരുമായി ചര്‍ച്ച നടത്തി. സിഎംഡി യുടെ അഭാവത്തില്‍ ജനറല്‍ മനേജര്‍ അഡ്‌മിനിസ്‌ട്രേഷനാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചീഫ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ അറിയിച്ചിരുന്നു. കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷകര്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നത് വൈകിയതാണെന്നും മാനേജ്‌മെന്‍റ് വ്യക്തമാക്കി.
കെഎസ്ആര്‍ടിസി കണ്‍സഷന്‍ നിർത്തി; വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ കെഎസ്‌യു, എസ്എഫ്ഐ പ്രവര്‍ത്തകരും കോഴിക്കോട് കെഎസ്ആര്‍ടിസി ടെർമിനൽ കവാടത്തിന് സമീപം എംഎസ്എഫ്, എസ്എഫ്‌ഐ സംഘടനകളും പ്രതിഷേധിച്ചു. കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പഴയസ്ഥിതി തുടരുമെന്നും കെഎസ്ആര്‍ടിസി അധികൃതർ അറിയിച്ചു.
കോഴിക്കോട് എംഎസ്എഫ്, എസ്എഫ്‌ഐ സംഘടനകൾ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉപരോധിച്ചു. എംഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം ലത്തീഫ് തുറയൂര്‍ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ് അഫ്‌നാസ് ചേറോഡ് അധ്യക്ഷത വഹിച്ചു. ഇരപത്തിയഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ടെർമിനലിന്‍റെ കവാടം ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. എസ്എഫ്‌ഐ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എം. സിനാന്‍ ഉമ്മര്‍ അധ്യക്ഷനായിരുന്നു. വൈകുന്നേരം കെഎസ്‌യു പ്രവര്‍ത്തകരുടെ ഉപരോധവുമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ കൺസഷൻ പൂർണ്ണമായും നിർത്തലാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി എംഡി അറിയിച്ചതോടെ പ്രതിഷേധം ഉപേക്ഷിക്കുകയായിരുന്നു.