കേരളം

kerala

ETV Bharat / state

ശ്രദ്ധ സതീഷിന്‍റെ മരണം; കോളജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു - Minister R Bindu

സംസ്ഥാനത്തെ മുഴുവന്‍ കോളജുകളിലും പ്രിന്‍സിപ്പാളിനെ ചെയര്‍മാനാക്കി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ഥികള്‍ നല്‍കുന്ന പരാതികളില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കുമെന്നും മുന്നറിയിപ്പ്

കോളജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു Minister R Bindu
കോളജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

By

Published : Jun 8, 2023, 6:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വശ്രയ കോളജുകള്‍ അടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല പഠന വിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർഥികൾക്കായി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. പ്രിൻസിപ്പൽ / വകുപ്പ് മേധാവിയായിരിക്കും സമിതിയുടെ ചെയർമാൻ. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത പശ്ചാത്തലത്തിലാണ് നടപടി.

ഉത്തരവ് പാലിച്ചില്ലെങ്കിൽ അഫിലിയേഷൻ റദ്ദാക്കുന്ന നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇത് സർവകലാശാലയെ അറിയിക്കുകയും വേണം. പരാതി പരിഹാര സെല്ലിലൂടെ ലഭിക്കുന്ന പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവകലാശാലയിൽ അറിയിക്കേണ്ടതായിട്ടുണ്ട്. ഇതിനായി എല്ലാ സർവകലാശാലകളിലും ഒരു പ്രത്യേക ഓഫിസ് ചുമതല നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

വേർതിരിവുകൾ ഉണ്ടാക്കൽ ഇടയാക്കിയ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സ്ഥാപനത്തിലെ നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് പരാതി നൽകാം. കോളജിന്‍റെ അഡ്‌മിഷൻ, കോളജ് നൽകുന്ന സേവനങ്ങൾക്ക് അധിക ഫീസ് വാങ്ങുന്നത്, ജീവനക്കാരിൽ നിന്നുള്ള പീഡനം, സർട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, ജാതിപരം, ലിംഗപരം, സാമൂഹികം, മതപരം, ഭിന്നശേഷഷി എന്നിങ്ങനെയുള്ള വിവേചനങ്ങള്‍ക്ക് പരാതി നല്‍കാം.

പരാതി നല്‍കുന്നതില്‍ സർവകലാശാല തലത്തിൽ അപ്പീൽ സംവിധാനം ഉണ്ടാകും കോളജ് തല സമിതിയുടെ തീരുമാനത്തിന്മേൽ ആക്ഷേപം വന്നാൽ വിദ്യാർഥികൾക്ക് സർവകലാശാല സമിതിയെയോ നിലവിലുള്ള ട്രിബ്യൂണലിനെയോ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥിയുടെ ആത്മഹത്യയും പ്രതിഷേധങ്ങളും: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ ബിരുദ വിദ്യാര്‍ഥി ശ്രദ്ധ സതീഷാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌തത്. സംഭവത്തിന് പിന്നാലെ കോളജിലും ഹോസ്റ്റലിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിട്ടു.

ഇതിന്‍റെ ഭാഗമായി കോളജ് ഹോസ്റ്റല്‍ അടയ്‌ക്കാനും ഉത്തരവിട്ടെങ്കിലും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന ഉറപ്പ് നല്‍കിയതോടെ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചു. മന്ത്രിതല സമിതി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളും അംഗീകരിച്ചിട്ടില്ലെങ്കിലും മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ശ്രദ്ധയ്‌ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഹോസ്റ്റല്‍ വാര്‍ഡനെയും പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സംഭവത്തില്‍ പരിഹാരം കാണനായി കോളജ് മാനേജ്‌മെന്‍റ് നേരത്തെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ചര്‍ച്ചക്കിടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കോളജ് മാനേജ്മെന്‍റ് ആവശ്യം ഉന്നയിച്ചതോടെ ഇത് അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച വിഫലമാകുകയായിരുന്നു. ജൂണ്‍ രണ്ടിനാണ് തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു ശ്രദ്ധ.

ലാബില്‍ മൊബൈല്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ശ്രദ്ധയുടെ ഫോണ്‍ അധ്യാപകര്‍ വാങ്ങി വച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ച് നല്‍കണമെങ്കില്‍ രക്ഷിതാക്കളെ കോളജില്‍ കൊണ്ടുവരണമെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details