തിരുവനന്തപുരം:സ്വന്തമായി ഒരു വാഹനം നിർമിക്കണം... അഞ്ചാം ക്ലാസ് മുതലുള്ള ആൽബിൻ്റെ ആഗ്രഹമാണത്. ആ ആഗ്രഹം സഫലമാക്കാൻ 2023 ജൂലൈ വരെ കാത്തിരിക്കേണ്ടി വന്നു കോട്ടയം കല്ലറ സ്വദേശിയും എസ്കെവി ഹയർ സെക്കണ്ടറി സ്‌കൂൾ നീണ്ടൂരിലെ പ്ലസ് വൺ വിദ്യാർഥിയുമായ ആൽബിന്. ഒടുവിൽ ആൽബിനും സുഹൃത്ത് അഫ്രിനും ചേർന്ന് ഉഗ്രനൊരു ഓട്ടോറിക്ഷ നിര്‍മിച്ചിരിക്കുകയാണിപ്പോള്‍.
വെറും ഓട്ടോറിക്ഷയല്ല, സോളാറിൽ പ്രവർത്തിക്കുന്ന നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷ. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് എച്ച്എസ്എസിൽ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയിൽ കൗതുകമായി മാറുകയാണ് ആൽബിനും അഫ്രിനും സോളാർ നോ ലൈസൻസ് ഇലക്ട്രിക് ഓട്ടോറിക്ഷയും.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് അവധി സമയത്താണ് ഇരുവരും ഓട്ടോറിക്ഷയുടെ നിർമാണത്തിലേക്ക് കടന്നത്. വെറും രണ്ടു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ ഈ ഓട്ടോയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. സോളാറിൽ പ്രവർത്തിക്കുന്ന ഓട്ടോ 8 മണിക്കൂർ ചാർജ് ചെയ്‌താൽ 55 കിലോമീറ്റര്‍ സഞ്ചരിക്കാം. ഡ്രൈവർ അടക്കം 4 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുമാകും. 25 കിലോമീറ്ററാണ് ഓട്ടോയുടെ പരമാവധി വേഗത.
100 വാട്ടിൻ്റെ 4 സോളാർ പാനലുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ഭാഗങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വായു മലിനീകരണവും ഇതുകൊണ്ട് ഉണ്ടാകില്ല. കാറിലെ സീറ്റുകളും ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ സ്‌പീഡോമീറ്ററുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.