തിരുവനന്തപുരം/കീവ്: യുക്രൈനെതിരായ റഷ്യൻ ആക്രമണം ഭീകരാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഒഡേസ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ അലീന ജോർജ്. യുക്രൈനിലെ സാഹചര്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് അലീന ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു.
സ്ഥിതി ഭയപ്പെടുത്തുന്നതെന്ന് ഒഡേസയിൽ കുടുങ്ങിയ മലയാളി വിദ്യാർഥി കീവ് പോലുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഒഡേസയിൽ ആക്രമണങ്ങൾ കുറവാണ്. എന്നാലും ചെറിയ രീതിയിൽ ഷെല്ലാക്രമണങ്ങൾ നടക്കുന്നുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള സൈറൺ ഇടയ്ക്ക് മുഴങ്ങുന്നുണ്ട്. ഈ സമയങ്ങളിൽ താമസസ്ഥലത്ത് നിന്നും യുക്രൈൻ സ്വദേശികളുടെ സഹായത്തോടെ ബങ്കറുകളിലേക്ക് മാറുകയാണ്.
READ MORE:'വെളളവും ഭക്ഷണവും തീർന്നു, ഞങ്ങളെ രക്ഷിക്കണം'; കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ
നിർദേശം ലഭിച്ചാൽ ബങ്കറുകളിൽ എത്ര നേരം ചെലവഴിക്കണമെന്നറിയില്ല. ഇത് ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ്. ഭക്ഷണത്തിനും എ.ടി.എമ്മുകളിൽ നിന്നും പണം ലഭിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. രാവിലെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടയിൽ ഷെല്ലാക്രമണം ഉണ്ടായി. അതുക്കൊണ്ടു തന്നെ ഭയന്ന് ഭക്ഷണം വാങ്ങാതെ വീട്ടിലേക്ക് മടങ്ങി.
നാട്ടിലേക്ക് തിരികെ എത്തുന്നതിനായി എംബസി നിർദേശിച്ച അപേക്ഷകൾ പൂരിപ്പിച്ച് നൽകിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് ഇവിടെ നിന്ന് ഒഴിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ഒരു നിർദേശവും ലഭിച്ചിട്ടില്ല. നിലവിൽ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയുന്നുണ്ട്. എന്നാൽ ഈ രീതിയിൽ എത്രനാൾ പോകും എന്ന ആശങ്കയുണ്ട്. എത്രയും വേഗം നാട്ടിൽ എത്തണം എന്നാണ് ആഗ്രഹം എന്നും അലീന ഇടിവിയോട് പറഞ്ഞു.