തിരുവനന്തപുരം: വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വാറ്റ് നോട്ടീസുകൾ, പ്രളയസെസ് എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം പൂര്‍ണം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്‍റെ മറവില്‍ വ്യാപാരികളെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വ്യാപാരി വ്യവസായികളുടെ പ്രതിഷേധം; കടയടപ്പ് സമരം പൂര്‍ണം - വ്യാപാരി വ്യവസായി കടയടപ്പ് സമരം
അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

എറണാകുളത്ത് നടന്ന സമരത്തിൽ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബ്രോഡ് വേ, മേനക, ബാനർജി റോഡ് എന്നിവിടങ്ങളിലെല്ലാം കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഇരുപതോളം സംഘടനകള്‍ പണിമുടക്കുമായി സഹകരിച്ചു. കണ്ണൂരിൽ നടന്ന കടയടപ്പ് സമരത്തിൽ വ്യാപാരികൾ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. വ്യാപാരികളെ കൊള്ളയടിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി പറഞ്ഞു. മാർച്ചിൽ ആയിരത്തോളം വ്യാപാരികളാണ് പങ്കെടുത്തത്.
മലപ്പുറം ജില്ലയിലും വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വ്യാപാരഭവൻ പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ചിന് പ്രസിഡന്‍റ് പി. കുഞ്ഞാമു ഹാജി നേതൃത്വം നൽകി. പ്രതിഷേധ മാർച്ച് നഗരം ചുറ്റി കലക്‌ടറേറ്റിന് മുന്നിൽ സമാപിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പൊതുയോഗം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലും മാർച്ചും ധർണയും സംഘടിപ്പിച്ചു. മൂല്യവർധിത നികുതി നിന്ന കാലത്തെ നിത്യവരവ് കണക്കിലെ പൊരുത്തക്കേടിന്‍റെ പേരിൽ ഉദ്യേഗസ്ഥർ നടത്തുന്ന പരിശോധനകൾ അംഗീകരിക്കില്ലെന്ന് വ്യാപരികൾ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ തോമസ് കുട്ടി ധർണ ഉദ്ഘാടനം ചെയ്തു. കോട്ടയം കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറു കണക്കിന് വ്യാപാരികൾ പങ്കെടുത്തു.