തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ തീരദേശങ്ങളിൽ കർശന ജാഗ്രത നടപടികൾ സ്വീകരിക്കുന്നു. ചുഴലിക്കാറ്റിൻ്റെ സഞ്ചാര പാതയിൽ തിരുവനന്തപുരം ജില്ലയും ഉൾപ്പെടുമെന്ന കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് മുൻകരുതൽ നടപടികൾ. ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ അറിയിച്ചു. ജില്ലയിൽ നാളെ ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റിൻ്റെ സ്വാധീനമുണ്ടാകുമെന്നാണ് അറിയിപ്പ്.
ബുറെവി ചുഴലിക്കാറ്റ്; തിരുവനന്തപുരത്തെ തീരദേശങ്ങളിൽ കർശന ജാഗ്രത
ജില്ലയിൽ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. ബീച്ചുകൾ ഉൾപ്പെടെ തീരദേശങ്ങളിലെ വിനോദസഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തി. ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലയിലെ തീരദേശ മേഖലകളായ ബീമാപ്പള്ളി, പൂന്തുറ, വലിയതുറ മേഖലകളിലെ മത്സ്യബന്ധന ബോട്ടുകളടക്കം തീരത്തുനിന്നും സുരക്ഷിത പ്രദേശത്തേക്ക് മാറ്റുകയാണ്.
മീൻ പിടിക്കുന്നതിനായി നിലവിൽ കടലിൽ പോയിട്ടുള്ളവർ ഇന്ന് വൈകുന്നേരം തന്നെ മടങ്ങിയെത്തും. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.