എറണാകുളം: ട്രിപ്പിള്‍ ലോക്ക്ഡൗണിന്‍റെ ഭാഗമായി എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. ജില്ലാ അതിര്‍ത്തിയിലും കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുമുള്ള പ്രവേശന കവാടത്തിലും പൊലീസ് കര്‍ശന പരിശോധന തുടങ്ങി. അവശ്യ സാധനങ്ങൾ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി തുടങ്ങി ദിവസങ്ങളിൽ മൂന്ന് ദിവസം മാത്രം പ്രവർത്തിക്കാനാണ് അനുമതി നൽകിയത്.
ഒന്നിടവിട്ട ദിവസങ്ങളിൽ പൊതുജനങ്ങള്‍ക്ക് അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യ സാധനങ്ങള്‍ വാങ്ങാനാണ് അനുമതി നൽകിയത്. വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ നിരോധിച്ചു. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും രാവിലെ എട്ട് മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാനാണ് അനുമതി. പാഴ്‌സല്‍ സേവനം അനുവദിനീയമല്ല. പത്രം, പാല്‍, വിതരണം എന്നിവ രാവിലെ എട്ട് മണി വരെയാണ് അനുമതി. പാല്‍ സംഭരണം ഉച്ചക്ക് രണ്ട് മണി വരെ നടത്താവുന്നതാണ്.
എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു READ MORE: നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു
ഇലക്ടിക്കല്‍,പ്ലംബിംഗ്,ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്‌സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ്. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാം.
മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ക്ക് പരമാവധി 20 പേർക്കാണ് അനുമതി. മരണാന്തര ചടങ്ങുകള്‍ പരമാവധി 20 പേർക്കാണ് അനുമതി. വിവാഹ, മരണാനന്തര ചടങ്ങുകള്‍ എന്നിവ കൊവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയില്ല. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന നിയന്ത്രണങ്ങൾ മേയ് 23 വരെ തുടരും.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പൂറമേ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ട്രിപ്പിൽ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ കൊച്ചി നഗരം വിജനമായി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും താരതമ്യേന കുറവാണ്. അവശ്യ സർവ്വീസിലുള്ളവരും പൊലീസ് പാസ് അനുവദിച്ചവരുമാണ് വാഹനങ്ങളുമായി ഇറങ്ങിയത്.