തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളിലെ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി. വൈറസ് ബാധിച്ചാല്‍ വയോധികർ ഗുരുതരാവസ്ഥയിലാകും എന്നതിനാലാണ് നിയന്ത്രണം ശക്തമാക്കുന്നത്. മിക്കവരും മറ്റ് പല രോഗങ്ങള്‍ക്കും മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്‍റൈന്‍ നടപ്പാക്കുന്നത്.
വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേർപ്പെടുത്തി ആരോഗ്യ വകുപ്പ് - ernakulam Old age Homes
എറണാകുളത്തും തിരുവനന്തപുരത്തുമുള്ള വയോജന ഹോമുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ ഹോമുകളില്‍ താമസിക്കുന്നവര്‍ കൊവിഡ് കാലത്ത് പുറത്തു പോകരുതെന്നും പുറത്ത് നിന്നുള്ളവരെ ഹോമില്‍ പ്രവേശിപ്പിക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യ ഹോമുകളിലെ ചിലർ പുറത്ത് നിന്നും വന്നതാണ് അവിടെ രോഗ വ്യാപനത്തിന് കാരണമായത്. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടായാൽ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.
എറണാകുളത്തെ മൂന്ന് സ്ഥാപനങ്ങളിലുമായി 95 പേര്‍ക്കും തിരുവനന്തപുരത്ത് കൊച്ചുതുറയില്‍ ശാന്തിഭവനിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 16 സര്‍ക്കാര്‍ വയോജന കേന്ദ്രങ്ങളും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴില്‍ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വയോജന കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഹോമില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരാളെ മാത്രമേ പുറത്തു പോകാന്‍ അനുവദിക്കുകയുള്ളൂ. പുറത്ത് പോകുന്ന ആളെ മറ്റുള്ളവരുമായി ഇടപെടാനും അനുവദിക്കില്ല.