തിരുവനന്തപുരം: വിധിയെ ഒറ്റക്കാലുകൊണ്ട് സൈക്കിൾ ചവിട്ടി തോൽപ്പിക്കുന്ന ഇരുപതുകാരൻ. പേയാട് സ്വദേശിയായ ശ്യാംകുമാർ. മൂന്ന് വൃക്കകൾ, നടുവുമായി ചേർന്ന് ഒട്ടിയ നിലയിലുള്ള വലതുകാൽ ഇങ്ങനെയാണ് ശ്യം ജനിച്ചത്. എട്ടാം വയസിൽ വലതുകാൽ പൂർണമായും മുറിച്ചുമാറ്റി. വൃക്കകളുടെ പ്രവർത്തനം 23 ശതമാനം മാത്രമാണ്. എന്നാൽ ഇതൊന്നും ശ്യാമിനെ തളർത്തുന്നില്ല. മുറിച്ച കാലിന് പകരം കൃത്രിമ കാൽ വച്ച് ശ്യാം സൈക്കിൾ ചവിട്ടും. ഒന്നും രണ്ടും കിലോമീറ്റർ അല്ല. കുന്നും മലയും ഇടുങ്ങിയ വഴിയും ഒക്കെയായി ദിവസവും ഇരുപത് കിലോമീറ്ററോളം സഞ്ചാരം. കൃത്രിമ കാലുകൾ ഇടയ്ക്ക് പണി മുടക്കും. അപ്പോൾ സൈക്കിൾ ചവിട്ട് ഒറ്റക്കാലിലാക്കും.
കാലല്ല, മനസാണ് കരുത്ത്; സൈക്കിളിങിൽ താരമാകാൻ കൊതിച്ച് ഇരുപതുകാരൻ - syamkumar
കുന്നും മലയും ഇടുങ്ങിയ വഴിയും ഒക്കെയായി ദിവസവും ഇരുപത് കിലോമീറ്ററോളം ശ്യാംകുമാർ സൈക്കിളിൽ സഞ്ചരിക്കും.
കൂലിപ്പണിക്കാരനായ ശ്രീകുമാറിന്‍റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഒരു ദിവസം മുപ്പതിലേറെ ഗുളികകളാണ് ശ്യാം കഴിക്കുന്നത്. മറ്റ് ചികിത്സകൾ വേറെയും. ഇരുപത് വയസിനിടയിൽ 14 ശസ്‌ത്രക്രിയകളാണ് ശ്യാമിന് നടത്തിയത്. ഇനി വൃക്ക മാറ്റിവയ്ക്കണം. തിരുവനന്തപുരം എം.ജി കോളജിൽ രണ്ടാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർഥിയാണ് ശ്യാം. കോളജിലേക്കുള്ള യാത്രയും സൈക്കിളിൽ തന്നെയാണ്. സൈക്കിളിങ് ആണ് ശ്യാമിന്‍റെ ഏറ്റവും വലിയ ഊർജം. വലിയൊരു സൈക്കിളിങ് താരമാകണമെന്നാണ് ശ്യാമിന്‍റെ ആഗ്രഹം. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പാരാലിമ്പിക്‌സിൽ പങ്കെടുക്കണം. പിന്നെ ഒറ്റയ്ക്ക് സൈക്കിളിൽ ഹിമാലയത്തിലേക്ക് ഒരു യാത്ര, ഇങ്ങനെ നീളുന്നു ഈ മിടുക്കന്‍റെ മോഹങ്ങൾ.