തിരുവനന്തപുരം:തെരുവുനായ പ്രശ്‌നത്തില്‍ അടിയന്തര യോഗം വിളിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് (MB Rajesh). ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രസിഡന്‍റുമാരുടെ അസോസിയേഷന്‍ മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൃഗ സംരക്ഷണ വകുപ്പ് ഡയറക്‌ടര്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്.
യോഗത്തില്‍ സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം നേരിടാന്‍ വേണ്ടി മുന്‍ കാലങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കൂടാതെ, അടിയന്തരമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും യോഗത്തില്‍ രൂപം നല്‍കും. നിലവില്‍ മന്ത്രി മലപ്പുറത്തായതിനാല്‍ ഓണ്‍ലൈനായാകും യോഗം ചേരുക.
ജൂണ്‍ 11-ന് കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 വയസുകാരനായ നിഹാല്‍ നൗഷാദ് (Nihal Noushad) തെരുവ് നായകളുടെ കൂട്ടമായ ആക്രമണത്തില്‍ മരിച്ച സംഭവത്തോടെയാണ് സംസ്ഥാനത്ത് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. തെരുവ് നായ പ്രശ്‌നം നേരിടാനായി വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ അടക്കം നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നത്. സംഭവം സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനത്തിന് ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
നിഹാല്‍ നൗഷാദിന്‍റെ മരണത്തിന്‍റെ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheeshan) ആരോപിച്ചിരുന്നു. വിഷയം 2022 ഓഗസ്റ്റ് 30 ന് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്‌തത്. തെരുവുനായ്‌ക്കളുടെ നിയന്ത്രണം സംബന്ധിച്ച് നിയമസഭയിലും പുറത്തും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.