തിരുവനന്തപുരം : ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കത്ത്. വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്‌തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്‌താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്‌ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണിത്. കേരളത്തിന്‍റെ സ്വന്തം ധനകാര്യ സ്ഥാപനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരള ബാങ്ക് ഉള്‍പ്പടെയുള്ളവ ജപ്‌തി നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കത്തിന്‍റെ പൂര്‍ണരൂപം : സ്വന്തം വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്‌തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്‌താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്‌ത സംഭവം വേദനാജനകമാണ്. അഭിരാമിയുടെ പിതാവ് അജികുമാര്‍ കേവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്‌ടപ്പെട്ട പ്രവാസിയാണ്. കുറച്ച് സാവകാശം അനുവദിച്ചിരുന്നുവെങ്കില്‍ ആ കുടുംബം വായ്‌പ തുക തിരിച്ചടയ്ക്കുമായിരുന്നു.