തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് എതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളിലും അമര്‍ഷം പുകയുകയാണ്. വൈദ്യുതി ചാര്‍ജ് വര്‍ധനയ്‌ക്കെതിരെയും പ്രവാസികളുടെ ആവശ്യങ്ങൾക്കുമായി നടത്തിയ പ്രതിഷേധത്തിലൂടെയും യുഡിഎഫിന് ലഭിച്ച സ്വീകാര്യതയുടെ ശോഭ കെടുത്തുന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ വിലയിരുത്തല്‍. സ്വയം വരുത്തിയ വിന മുല്ലപ്പള്ളി തന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.
മന്ത്രിമാരായ ഇ.പി ജയരാജനും കടകംപള്ളി സുരേന്ദ്രനും മുല്ലപ്പള്ളിക്കെതിരെ രംഗത്തു വന്നിരുന്നു. സിപിഎം, സിപിഐ ദേശീയ വനിത നേതാക്കളായ ബൃന്ദ കാരാട്ടും ആനി രാജയും മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം അറിയിച്ചു. വടകരയിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വീട്ടിലേക്ക് സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുല്ലപ്പള്ളിയുടെ കോലം കത്തിച്ചു. മുല്ലപ്പള്ളിക്കെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിലും ആക്രമണം ശക്തമാണ്.