തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കണമെന്ന് യുവജന കമ്മിഷൻ. ആർത്തവസമയത്ത് വിദ്യാർഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് യുവജന കമ്മിഷൻ ശുപാർശ നൽകിയത്. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്.
എന്നാൽ ആർത്തവ അവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി നേരത്തേ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നതിനാണ് യുവജന കമ്മിഷൻ സർക്കാരിന് ശുപാർശ നൽകിയത്. കുസാറ്റ് മാതൃകയിൽ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു നേരത്തേ അറിയിച്ചിരുന്നു.
പിന്നാലെ സാങ്കേതിക സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കുമെന്ന് സാങ്കേതിക സർവകലാശാല ഡയറക്‌ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ, കെ എസ് യു സംഘടനകളുടെ സംസ്ഥാന നേതൃത്വങ്ങള്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാർഥി യൂണിയന്‍റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.