തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജൂൺ 5 മുതൽ നിരാഹാര സമരം ആരംഭിക്കും. ജൂണ്‍ 5ന് സംസ്ഥാന പ്രസിഡന്‍റ് കെ കെ തോമസ് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ദീര്‍ഘ കാലമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പൊതുജനങ്ങളെ ബുദ്ധിമുട്ടില്‍ ആക്കാതിരിക്കാനായാണ് ബസ് സര്‍വീസ് നിര്‍ത്തി വയ്ക്കുന്ന സമരം ഒഴിവാക്കി നിരാഹാര സമരത്തിലേക്ക് കടക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി:സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. വിവിധ സംഘടനകളുമായി ചർച്ചകൾ നടത്തിയതിന് ശേഷം തീരുമാനം അറിയിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ എപ്പോഴെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പൊതുജനാഭിപ്രായം കണക്കിലെടുക്കുമെന്നും ആയിരുന്നു മന്ത്രിയുടെ വാക്കുകൾ. കൂടാതെ വിദ്യാർഥികളുടെ കൺസെഷൻ ചാര്‍ജ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ALSO READ:ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി
നിലവിൽ രണ്ട് രൂപയാണ് നിരക്ക്. അഞ്ച് രൂപ നൽകി ബാക്കി വാങ്ങാൻ കുട്ടികൾക്ക് മടിയാണെന്നും മന്ത്രി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്‌തിരുന്നു. അതേസമയം വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കതിരെ കർശന നടപടിയുണ്ടാകുമെന്നും പറഞ്ഞ മന്ത്രി പെർമിറ്റ് റദ്ദ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
മന്ത്രിയുടെ അഭിപ്രായം അപക്വം, തിരുത്താൻ തയ്യാറാകണമെന്ന് എസ്എഫ്ഐ:സ്വകാര്യ ബസുകളിലെ വിദ്യാർഥികളുടെ കൺസെഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവന വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് ആയിരുന്നു എസ്എഫ്ഐയുടെ പ്രതികരണം.
വിദ്യാർഥികളുടെ അവകാശമാണ് കൺസെഷൻ. അതാരുടെയും ഔദാര്യമല്ലെന്നും മന്ത്രി അഭിപ്രായം തിരുത്താൻ തയ്യാറാകണമെന്നും എസ്എഫ്ഐ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ പരാമര്‍ശം.
എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാർഹമാണെന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം വരുത്തുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വിഎ വിനീഷ്, സെക്രട്ടറി സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. നേരത്തെ സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൺസെഷൻ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപ വരെയാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു.
ALSO READ:SFI | 'വിദ്യാര്‍ഥി കണ്‍സെഷന്‍ ഔദാര്യമല്ല' ; ആന്‍റണി രാജുവിന്‍റെ പ്രസ്താവന അപക്വമെന്ന് എസ്.എഫ്.ഐ