തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയിൽ നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ ഒഴിവാക്കി. പട്ടികയിൽ എസ്. സുധേഷ്‌കുമാര്‍, ബി. സന്ധ്യ, പി. അനില്‍കാന്ത് എന്നിവർ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന. സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആലോചിച്ചുറപ്പിച്ച ടോമിന്‍ ജെ. തച്ചങ്കരിക്ക് വിനയായത്.
രണ്ടാമനായിട്ടും പിന്തള്ളി
പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ 30 വര്‍ഷം സര്‍വ്വീസുള്ളതും കാലാവധി തീരാന്‍ 6 മാസം ബാക്കിയുള്ളതുമായ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സി സമിതിക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
പട്ടികയിൽ നിന്ന് 3 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി യു.പി.എസ്.സി സംസ്ഥാന സര്‍ക്കാരിനു തിരിച്ചു കൈമാറുകയും ചെയ്തു. അതില്‍ നിന്ന് ഒരാളെ പൊലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാരിനു തെരഞ്ഞെടുക്കാമെന്നുമായിരുന്നു സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരുന്നത്.
ALSO READ:തച്ചങ്കരിയെ ഒഴിവാക്കി; ഡി.ജി.പി ചുരുക്ക പട്ടികയില്‍ മൂന്ന് പേര്‍
ഇത്തരത്തില്‍ ചുരുക്കപ്പട്ടികയില്‍ വരേണ്ടവരുടെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികളോ അഴിമതി ആരോപണങ്ങളോ കോടതികളിലോ ട്രിബ്യൂണലുകളിലോ ഉണ്ടാകാന്‍ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തച്ചങ്കരിക്കെതിരെ മുന്‍പ് സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും അനധികൃത സ്വത്തു സമ്പാദനക്കേസ് സംബന്ധിച്ച പരാതിയും ഉയര്‍ന്നിരുന്നു.
ഇതോടെയാണ് യു.പി.എസ്.സി സമിതി തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ 30 വര്‍ഷം സര്‍വ്വീസുള്ളവരുടെ പട്ടികയില്‍ രണ്ടാമനായിട്ടും തച്ചങ്കരി പിന്തള്ളപ്പെട്ടത്. ഈ സാഹചര്യത്തിലാണ് തച്ചങ്കരിക്കു പിന്നിലുള്ള എസ്. സുധേഷ്‌കുമാര്‍, ബി. സന്ധ്യ, പി. അനില്‍കാന്ത് എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.
നിയമനം സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ച്
പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന്‍റെ രണ്ടാം ദിനമായ 2016 മെയ് 25നാണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി പദത്തില്‍ നിന്ന് മാറ്റിയത്. പകരം ലോക്‌നാഥ് ബഹ്‌റയെ പൊലീസ് മേധാവിയാക്കി.
ഇതിനെതിരെ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരെ കേരള ഹൈക്കോടതിയെ സെന്‍കുമാര്‍ സമീപിച്ചെങ്കിലും ട്രിബ്യൂണല്‍ വിധി ഹൈക്കോടതി ശരിവച്ചു. തുടര്‍ന്ന് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
ALSO READ:സർവകലാശാലകൾ വിദ്യാർഥികളുടെ ജീവന്‍ വച്ച് പന്താടുന്നു; പരീക്ഷ മാറ്റണമെന്ന് സുധാകരൻ
സെന്‍കുമാറിനെ തിരികെ സംസ്ഥാന പൊലീസ് മേധാവിയാക്കാനാന്‍ 2017 ഏപ്രില്‍ 25ന് ജസ്റ്റീസ് മഥന്‍ ബി. ലോക്കൂര്‍, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി മുന്നോട്ടു വച്ചത്. ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിയെ സര്‍ക്കാര്‍ ഇച്ഛയ്ക്കനുസരിച്ച് നിയമിക്കാന്‍ കഴിയാതായത്.
ബി. സന്ധ്യ പൊലീസ് മേധാവിയായേക്കും
അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, ബി.സന്ധ്യ, അനില്‍കാന്ത്, നിതിന്‍ അഗര്‍വാള്‍, പദ്മകുമാര്‍, ഷെയ്ക്ക് ദര്‍വേശ് സാഹിബ്, ഹരിനാഥ് മിശ്ര, റവാഡ ചന്ദ്രശേഖര്‍, സഞ്ജീവ് കുമാര്‍ പട്‌ജോഷി എന്നിരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സി സമിതിക്കു സമര്‍പ്പിച്ചത്. ഇതില്‍ ഷേഖ് ദര്‍വേഷ് സാഹിബ്, റവാഡ ചന്ദ്രശേഖര്‍, സഞ്ജീവ്കുമാര്‍ പട് ജോഷി എന്നിവര്‍ 30 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയായില്ലെന്ന പേരില്‍ അദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കപ്പെട്ടു.
പട്ടികയില്‍ ഒന്നാമനായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചതോടെ പട്ടികയില്‍ തച്ചങ്കരി ഒന്നാമതെത്തി. പക്ഷേ തന്നെക്കാള്‍ ജൂനിയറായ പൊലീസ് മേധാവിക്കു കീഴില്‍ ഡി.ജി.പി പദത്തിലിരിക്കാനാണ് തച്ചങ്കരിയുടെ വിധി. ഡോ. ബി. സന്ധ്യയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയേക്കുമെന്നാണ് വിവരം.