തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ നഷ്‌ടപരിഹാരം നൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ മാർഗരേഖ തയാറായി. മാർഗരേഖ പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒക്‌ടോബർ 10 മുതൽ നഷ്‌ടപരിഹാരത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായാണ് നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. ഇതിനായി പ്രത്യേക സംവിധാനം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ എല്ലാ മരണവും കൊവിഡ് മരണം
കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാർ നിര്‍ദേശം. ഇതനുസരിച്ചാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
മാർഗരേഖ പ്രകാരം സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ പട്ടിക പുനഃപ്രസിദ്ധീകരിക്കും. പുതിയ പട്ടികയിൽ വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്തും. കൊവിഡ് ബാധിച്ച സമയത്ത് ആത്മഹത്യ ചെയ്‌തവരുടെ മരണവും കൊവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ആരോഗ്യ വകുപ്പ് പരിഗണിക്കുന്നുണ്ട്.
കൊവിഡ് മരണങ്ങളുടെ പട്ടിക സംബന്ധിച്ച് പരാതികള്‍ അറിയിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ സംവിധാനം ഒരുക്കിയിരുന്നു. ഈ പരാതികള്‍ കൂടി പരിഗണിച്ച് പരമാവധി പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്‌ട പരിഹാരം നല്‍കാനാണ് ആരോഗ്യ വകുപ്പിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.