തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കും. വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും ഒരു കിലോമീറ്റർ ബഫർ സോൺ ആക്കുന്നതിൽ കേരളത്തെ ഒഴിവാക്കുന്നതിന് നിയമനിർമാണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. വനം മന്ത്രി എ.കെ ശശീന്ദ്രനാകും സർക്കാരിന് വേണ്ടി പ്രമേയം അവതരിപ്പിക്കുക.
ബഫർ സോണിൽ നിന്ന് കേരളത്തെ ഒഴിവാക്കണം; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സർക്കാർ - ബഫർ സോൺ വിഷയം നിയമസഭയിൽ സർക്കാർ പ്രമേയം
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ ആക്കുന്നതിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നതിന് നിയമനിർമാണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടുക്കി ജില്ലയെയാണ്. നാല് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതവുമാണ് ജില്ലയിലുള്ളത്.
കോടതി വിധി നടപ്പിലായാല്‍ ജില്ലയിലെ വിവിധ മേഖലകളില്‍ ജനവാസം സാധ്യമല്ലാതാകും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിക്കുന്നില്ലെന്ന വ്യാപക വിമർശനങ്ങൾക്കൊടുവിലാണ് നിയമസഭയിൽ ബഫർ സോൺ സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്നത്.