തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കബിളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന നിലപാട് എടുത്തിരുന്ന സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിക്കലില്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സോളര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍ - solar case
പ്രഥമദൃഷ്ടിയില്‍ കേസെടുക്കാന്‍ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല
സോളാര്‍ വിവാദം ഉയര്‍ത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും ഈ കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. പ്രഥമദൃഷ്ടിയില്‍ കേസെടുക്കാന്‍ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യുഡിഎഫ്-എല്‍ഡിഎഫ് പരസ്‌പര സഹകരണത്തിന്‍റെ പ്രത്യക്ഷ ഉദാഹരമാണ് സോളാര്‍ കേസ് അട്ടിമറി.
ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സിപിഎം ഉന്നത നേതാക്കളെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പിലും ഡോളര്‍ക്കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്‌ലിന്‍ കേസിലും സിബിഐയെ എതിര്‍ക്കുന്ന സിപിഎമ്മിന് സോളാര്‍ കേസില്‍ സിബിഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച അഴിമതിയും പീഡനവും ഉള്‍പ്പെട്ട സോളാര്‍ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.