തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്.
വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനം - തിരുവനന്തപുരം വാർത്തകൾ
മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്
കേസിൽ പുനഃരന്വേഷണം നടത്താൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേസിന്‍റെ പുനഃരന്വേഷണം സിബിഐയെ ഏൽപ്പിക്കുക, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യം. ഈ നിവേദനത്തിൽ ആണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
സംസ്ഥാനത്തിന്‍റെ ആവശ്യം എന്ന നിലയിലായിരിക്കും സിബിഐക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകുക. പേഴ്സണൽ മന്ത്രാലയത്തിലാകും സംസ്ഥാന സർക്കാർ അപേക്ഷ നൽകുക. സാധാരണ നിലയിൽ സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകൾ സിബിഐ ഏറ്റെടുക്കാറാണ് പതിവ്. വാളയാർ പോലെയുള്ള വിവാദ കേസ് അതുകൊണ്ടുതന്നെ സിബിഐ തള്ളിക്കളയാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ വാളയാർ കേസിൽ പുനഃരന്വേഷണത്തിന് സിബിഐ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.