തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച പൊതുപരീക്ഷകൾക്ക് തുടക്കമായി. വി.എച്ച്.എസ്.സി പരീക്ഷ രാവിലെ നടന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും പരീക്ഷകള്‍ മാറ്റി വെക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്ത് പൊതുപരീക്ഷ നടക്കുന്നത്.
വി.എച്ച്.എസ്.ഇ പരീക്ഷ ആരംഭിച്ചു എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്ക് ശേഷവും പ്ലസ്ടു പരീക്ഷ നാളെയും ആരംഭിക്കും. ആരോഗ്യ വകുപ്പിന്‍റെ മാർഗ നിർദേശങ്ങൾ പാലിച്ച് കർശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷകൾ നടക്കുന്നത്. 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകൾ എഴുതുന്നത്.
രാവിലെ എട്ട് മണിയോടെ പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കിയ ശേഷമാണ് പരീക്ഷാഹാളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികള്‍ക്ക് ഇരിക്കാനാണ് അനുമതി. പരീക്ഷയെഴുതുന്ന കുട്ടികൾ പേനയും മറ്റ് വസ്തുക്കളും കൈമാറ്റം ചെയ്യാൻ പാടില്ല.
പരീക്ഷ ചുമതലയുള്ള അധ്യാപകർക്ക് കൈയ്യുറയും മാസ്‌ക്കും നിർബന്ധമാണ്. കുട്ടികളോടൊപ്പം പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന രക്ഷിതാക്കൾ കൂട്ടം കൂടിയാൽ നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്.