വെല്ലുവിളികളെ അതിജീവിച്ച് വിദ്യാർഥികൾ; വിദ്യഭ്യാസ വകുപ്പിന് ആശ്വാസം
ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ 0.71 ശതമാനം വിജയം നേടി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടാണ് സംസ്ഥാനത്ത് പൊതുപരീക്ഷകൾ പൂർത്തിയാക്കിയത്. മാർച്ച് 10 മുതൽ 19 വരെയായിരുന്നു ആദ്യഘട്ടം. എന്നാൽ കൊവിഡ് രോഗം പിടിമുറുക്കിയതോടെ പരീക്ഷകൾ നിർത്തിവയ്‌ക്കേണ്ടി വന്നു. രണ്ടാംഘട്ടം മെയ് 26 മുതൽ 28 വരെയാണ് നടന്നത്. അതും ഏറെ വെല്ലുവിളികളോടെ. എന്നാൽ വിദ്യാർഥികളെ ഈ സമ്മർദം ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഊർജതന്ത്രം, രസതന്ത്രം, കണക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിൽ നടന്നത്. ഊർജതന്ത്രത്തിൽ 99.82 ശതമാനവും രസതന്ത്രത്തിൽ 99.92 ശതമാനവും കണക്കിൽ 99.95 ശതമാനവുമാണ് മോഡറേഷൻ നൽകാതെയുള്ള വിജയം. പരീക്ഷ നടത്തിയപ്പോൾ ഏറെ വിമർശനം നേരിട്ട വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും ഏറെ ആശ്വാസം നൽകുന്നതാണ് ഇത്തവണത്ത പരീക്ഷാഫലം.