തിരുവനന്തപുരം : 2022- 23 എസ്എസ്എൽസി ഫലം നാളെ വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും. വിവിധ കേന്ദ്രങ്ങളിലായി ഇത്തവണ 4,19,363 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഈ കഴിഞ്ഞ മാർച്ച് 9ന് ആയിരുന്നു വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ. തുടർന്ന് നേരത്തെ നിശ്ചയിച്ചത് പ്രകാരം മൂല്യനിർണയവും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിരുന്നു.
നേരത്തെ മെയ് 20ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും എന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് പത്തനംതിട്ട ജില്ലയിലായിരുന്നു. ഹയർസെക്കൻഡറി ഫലം മെയ് 25ന് പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനം കഴിഞ്ഞ് ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. ബോയ്‌സ് എൽപി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കാര്യങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫിസർമാരുടെയും അധ്യാപക സംഘടനകളുടെയും യോഗം വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ വിളിച്ചു ചേർത്തിരുന്നു.
പുതിയ അധ്യായന വർഷത്തിൽ വിദ്യാർഥികൾക്കായി നേരത്തെ തന്നെ പാഠപുസ്‌തകങ്ങളും സ്‌കൂൾ യൂണിഫോമും ലഭ്യമാക്കുന്നതിനുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. പാഠപുസ്‌തകങ്ങളുടെ വിതരണം 80 ശതമാനത്തിൽ അധികം പൂർത്തിയായന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.