മന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള തയാറെടുപ്പ് പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിച്ചു 29ന് അവസാനിക്കും. അതേസമയം ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
പരീക്ഷ തുടങ്ങുന്നത്: എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് നടക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഈ പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്. അതേസമയം എസ്എസ്എൽസി പരീക്ഷയ്ക്കായി 4,19,362 റഗുലർ വിദ്യാർഥികൾ, 192 പ്രൈവറ്റ് വിദ്യാർഥികൾ, സർക്കാർ സ്‌കൂളുകളിൽ ആകെ 1,40,703 വിദ്യാർഥികൾ, എയിഡഡ് സ്‌കൂളുകളിൽ ആകെ കുട്ടികൾ 2,51,567, അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ കുട്ടികൾ 27,092 കുട്ടികളുമാണ് രജിസ്‌റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിൽ 1,170 സെന്‍ററുകളും എയിഡഡ് മേഖലയിൽ 1,421 പരീക്ഷ സെന്‍ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്‍ററുകളും അടക്കം മൊത്തം 2,960 പരീക്ഷ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മൂല്യനിര്‍ണയം എപ്പോള്‍: എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം 70 കാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കും. മൂല്യനിർണയം 26ന് പൂർത്തീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പതിനെട്ടായിരത്തിൽ അധികം അധ്യാപകർ ഇതിനായി ആവശ്യം വരുമെന്നും മന്ത്രി അറിയിച്ചു. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് ആദ്യ ആഴ്ച അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പുസ്‌തകങ്ങളും ഉടന്‍:വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13ന് ആരംഭിച്ച് 30 ന് അവസാനിക്കും. 2023 - 24 അധ്യായന വർഷത്തെ ഒമ്പത്, പത്ത് ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്‌തകങ്ങൾ വിതരണത്തിനായി ജില്ല ഹബുകളിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കുടുംബശ്രീ വഴി പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പാഠപുസ്‌തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് വൈകുന്നേരം 3 മണിക്ക് ആലപ്പുഴയിൽ നടക്കും.
മാർച്ച് 25 ന് രാവിലെ 10 മണിക്ക് എറണാകുളത്ത് വച്ചാണ് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുകയും അതിൽ നിന്ന് കിലയെ തെരഞ്ഞെടുത്തുവെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മധ്യവേനൽ അവധിക്കാലത്തേക്ക് അഞ്ച് കിലോഗ്രാം അരി വീതം നൽകുമെന്നും 20 മുതൽ അരി വിതരണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.