കേരളം

kerala

ETV Bharat / state

എസ് എസ് എൽ സി പരീക്ഷകൾക്ക് നാളെ തുടക്കം ; ഫലപ്രഖ്യാപനം മെയ് രണ്ടാം വാരം

റിവിഷൻ ക്ലാസുകളും പരീക്ഷാ പേടി അകറ്റുന്നതിനായി ടോൾഫ്രീ നമ്പറുകളും പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയത്തിനായി 18000 അധ്യാപകർ. 19,554 വിദ്യാർഥികൾ പരീക്ഷ എഴുതും. ഫലപ്രഖ്യാപനം മെയ് രണ്ടാം വാരം

എസ് എസ് എൽ സി പരീക്ഷ  SSLC Exam  sslc result  kerala education  education  കേരളം  കേരള പൊതുവിദ്യാഭ്യാസ വകുപ്പ്  ഹയർസെക്കൻഡറി  വൊക്കോഷണൽ ഹയർസെക്കൻഡറി
SSLC Exam will commence on March 9

By

Published : Mar 8, 2023, 8:49 AM IST

തിരുവനന്തപുരം :എസ് എസ് എൽ സി പരീക്ഷകൾക്ക് നാളെ തുടക്കം. നാളെ മുതൽ ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29 വരെ നീളും. ചില വിഷയങ്ങൾക്ക് രാവിലെ 9 30 മുതൽ 11: 15 വരെയും സോഷ്യൽ സയൻസ്, ഗണിതം, ഇംഗ്ലീഷ് എന്നിവയ്ക്ക് 12:15 വരെയുമാണ് പരീക്ഷ ഉണ്ടാവുക. മാർച്ച് 09,13,15,17,20,22,24,27,29 എന്നീ തീയതികളിലാണ് പരീക്ഷ നടക്കുക. ആദ്യ മൂന്ന് ദിവസങ്ങളിൽ ഭാഷ പരീക്ഷകളാണ് ഉണ്ടാവുക. എസ് എസ് എൽ സി വിദ്യാർഥികളുടെ ഐടി പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 25 ന് അവസാനിച്ചിരുന്നു.

കൈറ്റ് വിക്റ്റേഴ്‌സിന്‍റെ സഹായത്തോടെ റിവിഷൻ ക്ലാസുകളും പരീക്ഷാ പേടി അകറ്റുന്നതിനായി ടോൾഫ്രീ നമ്പറുകളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 1 8 0 0 4 2 5 2 8 4 4 എന്ന ടോൾഫ്രീ നമ്പറിലൂടെ പരീക്ഷ പേടിയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സൗജന്യ കൗൺസിലിംഗ് ലഭ്യമാണ്.

മൂല്യനിർണയം ഏപ്രിലിൽ : എസ് എസ് എൽ സി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ 26 വരെ സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി നടക്കും. 18000 അധ്യാപകരെ ഇതിനായി ഏർപ്പാടാക്കിയിട്ടുണ്ട്. തുടർന്ന് മെയ് രണ്ടാം വാരത്തിൽ തന്നെ എസ് എസ് എൽ സി പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിക്കും. 419,554 വിദ്യാർഥികളാണ് സംസ്ഥാനത്ത് നിന്നും ലക്ഷദ്വീപിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നുമായി ഇത്തവണ എസ് എസ് എ ൽസി പരീക്ഷ എഴുതുന്നത്.

എസ് എസ് എൽ സി എക്‌സാമിനിടയിൽ തന്നെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകള്‍ എന്നിവയും നടക്കും. പരീക്ഷകൾ അവസാനിച്ച് മാർച്ച് 31ന് സ്‌കൂളുകൾ വേനലവധിക്കായും അടയ്ക്കും. ഒന്ന് മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ പരീക്ഷ ഉച്ചയ്ക്ക് ശേഷവും ഹയർസെക്കൻഡറി, എസ് എസ് എൽ സി വിദ്യാർഥികളുടെ പരീക്ഷ രാവിലെയും ആയാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്ലസ് ടു പ്രാക്‌ടിക്കൽ പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ 2023 ജനുവരി 25നും കഴിഞ്ഞിരുന്നു. ഒമ്പത് ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി മൂല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കും.

ഈ ക്ലാസുകളുടെ പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. 82 മൂല്യനിർണയ ക്യാമ്പുകളാണ് ഹയർ സെക്കന്‍ഡറിക്ക് ഉണ്ടാവുക. 24,000 ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. 8 മൂല്യനിർണയ ക്യാമ്പുകളാണ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയില്‍ ഉണ്ടാവുക. ഈ മൂല്യനിർണയ ക്യാമ്പുകളിൽ മൂവായിരത്തി അഞ്ഞൂറ് അധ്യാപകരാണ് പങ്കെടുക്കുക.

ABOUT THE AUTHOR

...view details