തിരുവനന്തപുരം : എഐ കാമറ പദ്ധതിയിലെ കരാറുകാരായ എസ്ആർഐടി കമ്പനിയുടെ പേരിലുണ്ടായ വിവാദം കെട്ടടങ്ങും മുൻപേ കെ ഫോൺ പദ്ധതിയിലെ എസ്ആർഐടിയുടെ സാന്നിധ്യവും വിവാദമാകുന്നു. എസ്ആർഐടി കമ്പനിക്ക് അനുകൂലമായി കെ ഫോൺ ടെന്‍ഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായാണ് ആക്ഷേപം.
കെ ഫോണിന്‍റെ പുതിയ ടെണ്ടര്‍ മാനദണ്ഡപ്രകാരം ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വീസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്ആർഐടിയുടെ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കണം. എസ്ആര്‍ഐടിയുടെ സോഫ്‌റ്റ്‌വെയറായ ആര്‍ കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമാണ് ഇത്തവണ കെ ഫോൺ പരിഗണിക്കുന്നത്. ടെന്‍ഡര്‍ രേഖയിൽ കെ ഫോൺ എസ്ആർഐടിയുടെ പേര് പറഞ്ഞ് ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം, ആര്‍ കൺവേര്‍ജിന് തുല്യമായ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കഴിഞ്ഞ തവണ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡിന് ടെണ്ടര്‍ ലഭിച്ചത്. എന്നാൽ, ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഐടി സെക്രട്ടറി ഇടപെട്ട് സ്റ്റാർട്ടപ്പ് കമ്പനിയുടെ ടെൻഡർ റദ്ദാക്കിയത്. എന്നാൽ, ഈ പഴുത് മറികടക്കാനാണ് എസ്ആര്‍ഐടിയുടെ സോഫ്‌റ്റ്‌വെയർ എന്ന് ടെന്‍ഡറിൽ വ്യക്തമായി എഴുതിയതെന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം.
അറുപതിനായിരം കണക്ഷനുളള സാങ്കേതിക സൗകര്യങ്ങൾ രണ്ടര ലക്ഷമാക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് കെ ഫോൺ പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ടാം ആഴ്‌ചയാണ്. മാത്രമല്ല, ഐടി സെക്രട്ടറി അടക്കമുള്ള ഉന്നതതല സമിതി തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് കെ ഫോൺ ഐഎസ്‌പി (ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർ) ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. നേരത്തെ എഐ കാമറ പദ്ധതിക്കായി ഉപകരാർ നൽകിയ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് എസ്ആർഐടി വിവാദങ്ങളിൽ നിറയുന്നത്.