തിരുവനന്തപുരം : സംസ്ഥാനത്ത് സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ (Ai Camera) സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആദ്യ ഗഡു ആവശ്യപ്പെട്ട് കരാറുകരായ എസ്ആർഐടി (SRIT). ആദ്യ ഗഡു ആവശ്യപ്പെട്ട് എസ്ആർഐടി കെൽട്രോണിനെ (Keltron) സമീപിച്ചു (SRIT approached Keltron for first installment of AI camera). ഓരോ മൂന്ന് മാസം കൂടുമ്പോഴും 7.56 കോടി രൂപ വീതം 20 ഗഡുക്കളായി നൽകണമെന്നായിരുന്നു കരാർ.
എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് സെപ്റ്റംബർ 4ന് മൂന്ന് മാസം തികയാനിരിക്കെയാണ് എസ്ആർഐടിയുടെ നീക്കം. എന്നാൽ കെൽട്രോൺ നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി കത്ത് സർക്കാരിന് കൈമാറിയതായാണ് ലഭ്യമാകുന്ന വിവരം. ആദ്യ ഗഡുവായി ആകെ 11.61 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകേണ്ടത്.
ഇതിൽ എസ്ആർഐടിക്ക് നൽകേണ്ട 7.56 കോടി രൂപയും ഉൾപ്പെടും. ബാക്കി തുകയാണ് കെൽട്രോണിനുള്ളത്. അതേസമയം പദ്ധതിയിൽ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹർജിയിൽ സർക്കാർ പണം നൽകുന്നത് തത്കാലികമായി തടഞ്ഞ ഹൈക്കോടതി 7ന് വീണ്ടും വാദം കേൾക്കാനിരിക്കുകയാണ്.
എസ്ആർഐടിക്ക് ആകെ 151.22 കോടി രൂപയാണ് കരാർ പ്രകാരം ലഭിക്കേണ്ടത്. മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകേണ്ട 11.61 കോടി രൂപയിൽ ഫെസിലിറ്റി മാനേജ്മെന്‍റ് സർവീസിന്‍റെ ആദ്യ ഗഡുവായ 3.31 കോടി രൂപയും കെൽട്രോൺ വിതരണം ചെയ്‌ത ഉപകരണങ്ങളുടെ വിലയായി 34.5 ലക്ഷം രൂപയും കൺസൾട്ടൻസി ചാർജിന്‍റെ ആദ്യ ഗഡുവായ 38.84 ലക്ഷം രൂപയുമാണ് ഉൾപ്പെടുന്നത്.