തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിക്കാനിടയായ വാഹന അപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയ്ക്കു മുമ്പ് കേസ് പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
ശ്രീറാമിനൊപ്പം കാറില്‍ ഉണ്ടായിരുന്ന വഫാ ഫിറോസിന്‍റെ രഹസ്യമൊഴി കോടതി കണക്കിലെടുത്തില്ല
രണ്ടരക്ക് കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്‍റെ ഭാഗങ്ങളും കോടതിയിൽ എത്തിച്ചു. എന്നാല്‍, ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റജഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ജാമ്യ ഹര്‍ജി പരിഗണിക്കവെ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്. എന്നാല്‍ ശക്തമായ സാക്ഷിമൊഴികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് വിശ്വസനീയമായ വാദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപകടമുണ്ടാകുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനാകാത്തതാണ് ശ്രീറാമിന് തുണയായത്. അപകടം നടന്ന് ഒൻപത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീരാമിന്‍റെ രക്തസാംപിളുകൾ ശേഖരിച്ചത്. ഈ കാലതാമസം തെളിവുകൾ നശിക്കാൻ കാരണമാകുമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
TAGGED:
sriram venkataraman bail