കേരളം

kerala

ETV Bharat / state

ശ്രീപത്മനാഭ സ്വാമിക്ഷേത്ര നിലവറകള്‍

ഐതിഹ്യവും വിശ്വാസങ്ങളും കെട്ടുകഥകളുമായി ഇപ്പോഴും കെട്ടുപിണഞ്ഞു കിടക്കുകയാണ് നിധി ശേഖരം സൂക്ഷിച്ചിട്ടുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്ര നിലവറകള്‍.

ശ്രീപത്മനാഭ സ്വാമിക്ഷേത്ര നിലവറകള്‍  sripadmanabha temple thiruvananthapuram  ശ്രീപത്മനാഭ സ്വാമിക്ഷേത്രം  തിരുവനന്തപുരം  sripadmanabha temple  thiruvananthapuram
ശ്രീപത്മനാഭ സ്വാമിക്ഷേത്ര നിലവറകള്‍

By

Published : Jul 13, 2020, 3:25 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീംകോടതി വിധിയോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ശതകോടികളുടെ നിധി ശേഖരമുള്ള ഈ പുരാതന ആരാധനാലയം. ഐതിഹ്യവും വിശ്വാസങ്ങളും കെട്ടുകഥകളുമായി ഇപ്പോഴും കെട്ടുപിണഞ്ഞു കിടക്കുകയാണ് നിധി ശേഖരം സൂക്ഷിച്ചിട്ടുള്ള ഇവിടുത്തെ നിലവറകള്‍.

ശ്രീപത്മാനഭ സ്വാമിക്ഷേത്രത്തില്‍ 'എ' മുതല്‍ 'എഫ്' വരെ നീളുന്ന ആറ് നിലവറകളാണുള്ളത്. ഇതില്‍ ബി നിലവറ തുറക്കാന്‍ പാടില്ലെന്നാണ് രാജകുടുംബം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. 2011 ജൂണ്‍ 27ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം 'ബി' ഒഴികെയുള്ള ക്ഷേത്ര നിലറകള്‍ തുറന്ന് പരിശോധന നടത്തിയിരുന്നു. ഏഴംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ വിലമതിക്കാനാകാത്ത കോടികളുടെ വജ്രവും സ്വര്‍ണ-വെള്ളി ഉരുപ്പടികളും കണ്ടെത്തിയിരുന്നു.

'എ', 'ബി' നിലവറകളില്‍ അമൂല്യ നിധിശേഖരമാണുള്ളത്. ഇതില്‍ 'എ' നിലവറ സുപ്രീംകോടതി നിര്‍ദേശ പ്രകാരം 2011 ജൂണ്‍ 27ന് തുറന്നു. ഇതില്‍ അമൂല്യ നിധിശേഖരം കണ്ടെത്തിയിരുന്നു. 'ഇ', 'എഫ്' നിലവറകള്‍ ക്ഷേത്രാവശ്യത്തിന് എപ്പോഴും തുറക്കുന്നവയാണ്. 'സി', 'ഡി' നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണുള്ളത്.

'ബി' ഒഴികെയുള്ള നിലവറകള്‍ തുറന്ന് കണക്കെടുത്തിട്ടുണ്ട്. 2011ല്‍ നടത്തിയ കണക്കെടുപ്പില്‍ 'എ' നിലവറയില്‍ മാത്രം കണ്ടെത്തിയത് ഒന്നേകാല്‍ ലക്ഷം കോടിയുടെ നിധി ശേഖരമാണ്. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, അത്യപൂര്‍വ രത്‌നങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു.

ക്ഷേത്രത്തിലെ ശയന മൂര്‍ത്തി വിഗ്രഹത്തിന്‍റെ തലയുടെ ഭാഗത്താണ് 'എ', 'ബി' നിലവറകള്‍ സ്ഥിതി ചെയ്യുന്നത്. രണ്ട്‌ തട്ടുകളായാണ് 'ബി' നിലവറയുള്ളത്. ഇത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്. കരിങ്കല്‍ വാതിലുകള്‍ തകര്‍ത്തു മാത്രമേ'ബി' നിലവറ തുറക്കാന്‍ കഴിയൂവെന്നും ഇത് ക്ഷേത്രത്തിന്‌ കേടുപാടു വരുത്തുമെന്നുമാണ് രാജകുടുംബത്തിന്‍റെ വാദം. ആചാരപരമായ കാരണങ്ങളാല്‍ 'ബി' നിലവറ തുറക്കാന്‍ പാടില്ലെന്നും രാജകുടുംബം ചൂണ്ടികാണിക്കുന്നു.

1931 ല്‍ 'ബി' നിലവറ തുറന്നതായി രേഖകളുണ്ട്. ഏഴ്‌ തവണ 'ബി' നിലവറ തുറന്നതായി കണ്‍‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായി സുപ്രീംകോടതിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 'ബി' നിലവറയുടെ പൂമുഖമായ ചെറിയൊരറയാണ് മുമ്പ് തുറന്നിട്ടുള്ളതെന്നും ഇതിനെ 'ബി' നിലവറയായി ചിലര്‍ തെറ്റിദ്ധരിക്കുകയാണെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വാദം.

സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം 2015ല്‍ സുപ്രീംകോടതിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്ര നിലവറകളില്‍ നിന്ന് 266 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ ക്ഷേത്ര നിലവറകളില്‍ നിന്ന് എടുത്ത സ്വര്‍ണം തിരികെ വച്ചിട്ടില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ABOUT THE AUTHOR

...view details