കേരളം

kerala

ETV Bharat / state

ശ്രീറാമിനെ കുരുക്കി വഫാ ഫിറോസിന്‍റെ രഹസ്യമൊഴി - തിരുവനന്തപുരം

ശ്രീറാം മദ്യപിച്ചിരുന്നതായും അമിത വേഗത്തിലാണ് വാഹനമൊടിച്ചതെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വഫ ഫിറോസ്

വഫാ ഫിറോസ്

By

Published : Aug 5, 2019, 8:18 PM IST

Updated : Aug 5, 2019, 8:28 PM IST

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കുരുക്കായി വഫാ ഫിറോസിന്‍റെ രഹസ്യമൊഴി. ശ്രീറാം മദ്യപിച്ചിരുന്നതായും അമിത വേഗത്തിലാണ് വാഹനമൊടിച്ചതെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വഫ ഫിറോസ്.
മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ മരണത്തിന് കാരണമായ അപകടത്തിന് ശേഷം പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മജിസ്‌ട്രേറ്റിന് മുന്നിലും വഫ ഫിറോസ് ആവര്‍ത്തിച്ചിരിക്കുന്നത്. ശ്രീറാം അമിതമായി മദ്യപിച്ചിരുന്നതായി വഫ മൊഴിയില്‍ പറയുന്നു.

കവിടിയാറില്‍ ശ്രീറാമിനെ കണ്ടത് മുതല്‍ അപകടം വരെയുള്ള കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങളാണ് മൊഴിയില്‍ പറയുന്നത്. താന്‍ ഓടിച്ചിരുന്ന വാഹനം ശ്രീറാം ചോദിച്ചു വാങ്ങിയാണ് കഫേ കോഫിഡേക്ക് മുന്നില്‍ നിന്നും ഓടിക്കാന്‍ തുടങ്ങിയതെന്നും അമിതവേഗത കുറക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ശ്രീറാം വഴങ്ങിയില്ല. മ്യൂസിയം ഭാഗത്തുവെച്ച് അമിത വേഗത്തിലെത്തി പതുക്കെ പോവുകയായിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് മദ്യത്തിന്‍റെ ഗന്ധം ഉണ്ടായിരുന്നുവെന്നും വഫ നല്‍കിയ മൊഴിയിലുണ്ട്.

ശ്രീറാം മദ്യപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിനായി രക്തപരിശോധന വൈകിപ്പിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നതാണ് വഫയുടെ രഹസ്യമൊഴി. അപകട ശേഷം വഫ ഫിറോസിനെ യൂബർ ടാക്‌സിയില്‍ വീട്ടിലേക്ക് അയക്കുകയാണ് പൊലീസ് ചെയ്‌തത്. എന്നാല്‍ പിന്നീട് സമ്മര്‍ദ്ദം ശക്തമായതോടെ വിളിച്ച വരുത്തി മൊഴിയെടുക്കുകയായിരുന്നു. ഈ മൊഴിയിലും ശ്രീറാം മദ്യപിച്ചിരുന്നതായി വഫ ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രകാരം ശ്രീറാമിന്‍റെ രക്തപരിശോധന നടത്താതെ ഒളിച്ചുകളിക്കുകയാണ് പൊലീസ് ചെയ്‌തത്.

വഫ ഫിറോസ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി:-
എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാന്‍ ബഹറിനില്‍നിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം എന്‍റെ സുഹൃത്താണ്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത്. രാത്രി ഞാന്‍ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചിരുന്നു. അപ്പോള്‍ സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. ഇന്നലെ (അപകടം നടന്ന ദിവസം രാത്രി) ശ്രീറാം പ്രതികരിച്ചു.

വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറില്‍ വരാന്‍ പറഞ്ഞു. ഞാന്‍ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാം എന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങി. ഞാന്‍ കവടിയാര്‍ പാര്‍ക്കിന്‍റെ ഭാഗത്തെത്തിയപ്പോള്‍ ശ്രീറാം ഫോണിലായിരുന്നു. ഫോണ്‍ ചെയ്തശേഷം ശ്രീറാം കാറില്‍ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോള്‍ താന്‍ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങള്‍ക്ക് വാഹനം ഓടിക്കണമെങ്കില്‍ ആകാം എന്നു ഞാനും പറഞ്ഞു.

ശ്രീറാം വാഹനത്തിന്‍റെ പുറകിലൂടെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്. സിഗ്‌നല്‍ ലൈറ്റില്ലാത്തതിനാല്‍ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാന്‍ ഞാന്‍ പല പ്രാവശ്യം പറഞ്ഞു. എന്നാല്‍ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം അമിത വേഗതയിലായിരുന്നതിനാല്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ശ്രീറാമും ഞാനും ചാടി പുറത്തിറങ്ങി. എയര്‍ ബാഗ് ഓപ്പണ്‍ ആയിരുന്നു. ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്തു റോഡില്‍ കൊണ്ടുവന്നു. പൊലീസ് വന്നു. എന്നോട് വീട്ടില്‍ പോകാന്‍ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്‍റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടില്‍പോയി 2 മണി ആയപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ തിരിച്ചുവന്നു. കാര്‍ ഞാന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു.

Last Updated : Aug 5, 2019, 8:28 PM IST

ABOUT THE AUTHOR

...view details