തിരുവനന്തപുരം: ലോക്‌ഡൗണില്‍ ബുദ്ധിമുട്ടിയ അർബുദ രോഗിക്ക് താങ്ങായി ശ്രീകാര്യം പൊലീസും നാട്ടുകാരും. ആർസിസിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാൻ വാഹന സൗകര്യമില്ലാതെ വലഞ്ഞ അർബുദ രോഗിക്കാണ് പൊലീസിന്‍റെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലം സഹായം ലഭിച്ചത്. ആർസിസിയിലെ ചികിത്സയ്ക്ക് ശേഷം ലോക്‌ഡൗൺ കാരണം നായനാർ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന കോഴിക്കോട് വടകര സ്വദേശിയായ ബാബുവിനും ഭാര്യക്കുമാണ് ശ്രീകാര്യം പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്താല്‍ നാട്ടിലേക്ക് പോകാനായി ആംബുലൻസ് സൗകര്യം കിട്ടിയത്.
അർബുദ രോഗിക്ക് സഹായവുമായി ശ്രീകാര്യം പൊലീസ് - cancer patient got help from sreekaryam police
ചികിത്സയ്ക്ക് ശേഷം ആർസിസിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകാൻ വാഹനം സൗകര്യമില്ലാതെ വലഞ്ഞ അർബുദ രോഗിക്കാണ് സഹായവുമായി ശ്രീകാര്യം പൊലീസ് എത്തിയത്.
2011 മുതൽ ആർസിസിയിൽ അർബുദ ചികിത്സയിലാണ് ബാബു. മാർച്ച് 16ന് ആർസിസിയിൽ എത്തിയ ബാബുവിനെ കഴിഞ്ഞ എട്ടാം തീയതിയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ലോക്‌ഡൗൺ കാരണം വാഹന സൗകര്യമില്ലാത്തതിനാൽ നായനാർ ട്രസ്റ്റിന് കീഴിലെ റൂമിൽ കഴിയുകയായിരുന്നു ഇരുവരും. ആംബുലൻസിൽ നാട്ടിലെത്താൻ മതിയായ പണമില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. കൂടാതെ മകളുടെ പ്രസവ തീയതി അടുത്തതും എത്രയും പെട്ടെന്ന് നാട്ടിലെത്തേണ്ട ആവശ്യമായി. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയ ആർസിസിയിലെ രണ്ട് ജീവനക്കാരാണ് ശ്രീകാര്യം പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ ശ്രീകാര്യം പൊലീസും നാട്ടുകാരും ചേർന്ന് പണംപിരിച്ച് ആംബുലൻസ് സൗകര്യം ഏർപ്പാടാക്കി വടകരയിലേക്ക് അയക്കുകയായിരുന്നു.