തിരുവനന്തപുരം: പോങ്ങുംമൂട് ചേന്തിയിൽ ഗുണ്ടകൾ തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയായ പോങ്ങുംമുട് സ്വദേശി മെന്‍റൽ ദീപു എന്നു വിളിക്കുന്ന ദീപു.എസ്.കുമാർ(38)നെ ഉൾപ്പെടെ മൂന്ന് പേരെ ശ്രീകാര്യം പൊലീസ് പിടികൂടി. ഒരാഴ്ച്ച മുമ്പ് ചേന്തിയിൽ വച്ച് ശരത് ലാലിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും കല്ലംബള്ളി സ്വദേശിയായ രാജീവിന്‍റെ വീട് ആക്രമിച്ച കേസിലെയും പ്രതികളാണ് ഇവർ.
ശരത് ലാലിനെ വെട്ടിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ദീപുവിന്‍റെ മേൽ ചുമത്തിയത്. വെട്ടേറ്റ ശരത് ലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേന്തിയിൽ വച്ച് ഒരുമിച്ച് ബൈക്കിലെത്തിയ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനെയാണ് കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ദീപു വെട്ടിയത്.