തിരുവനന്തപുരം: നിധി നിക്ഷേപം കൊണ്ട് ലോകത്തെ വിസ്‌മയിപ്പിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം വ്യത്യസ്‌തമായ ആചാരാനുഷ്‌ടാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. വര്‍ഷത്തില്‍ പൈങ്കുനിയെന്നും അല്‌പശിയെന്നും പേരില്‍ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടക്കുന്നത്. അതിൽ വര്‍ഷത്തിലെ ആദ്യത്തെ ഉത്സവമാണ് പൈങ്കുനി ഉത്സവം.
മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമാകുന്നത്. പൈങ്കുനി ഉത്സവത്തിലെ കൗതുക കാഴ്‌ച ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പഞ്ചപാണ്ഡവന്മാരുടെ കൂറ്റന്‍ ശില്‌പങ്ങളാണ്. ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുൻപേ തന്നെ യുധിഷ്‌ഠിരനും ഭീമനും അര്‍ജുനനും നകുലനും സഹദേവനും ക്ഷേത്രമുറ്റത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞു.
കാഴ്‌ചയുടേയും ആചാര അനുഷ്‌ഠാനങ്ങളുടേയും വ്യത്യസ്‌തമായ കാഴ്‌ചയാണ് ഇത് സമ്മാനിക്കുന്നത്. പാണ്ഡവന്‍മാരില്‍ മുതിര്‍ന്ന ആളായതിനാല്‍ യുധിഷ്‌ഠിരന്‍ ഇരിക്കുന്ന രീതിയിലും മറ്റ് ശില്‌പങ്ങള്‍ നില്‍ക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിലാണ് ഇപ്പോഴത്തെ ശില്‌പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മുഖത്തെഴുത്തുകള്‍ ഇനാമല്‍ പെയിന്‍റിലാണ് തീര്‍ത്തിരിക്കുന്നത്. ചുവപ്പ് വസ്‌ത്രങ്ങളാണ് ശില്‌പങ്ങള്‍ക്കെല്ലാം നല്‍കിയിട്ടുള്ളത്.
ചടങ്ങിനു പിന്നിലെ വിശ്വാസം: മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഇത്തരമൊരു ആചാരത്തിനു പിന്നിലെ വിശ്വാസം വരള്‍ച്ചയുമായി ബന്ധപ്പെട്ടാണ്. തലമുറകള്‍ക്ക് മുന്‍പ് തിരുവിതാംകൂറില്‍ വലിയ വരള്‍ച്ച ബാധിക്കുകയും അതിന്റെ ഭാഗമായി കൃഷി നശിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് തൃപ്പടിദാനം നടത്തി രാജ്യം തന്നെ ശ്രീപത്മനാഭന് സമര്‍പ്പിച്ച് പത്മനാഭ ദാസനായി രാജ്യം ഭരിച്ചിരുന്ന തിരുവിതാകൂര്‍ രാജാവ് ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തി.
ഇതില്‍ തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചപാണ്ഡവരുടെ ശില്‌പങ്ങല്‍ ക്ഷത്രത്തിന് മുന്നില്‍ തന്നെ സ്ഥാപിച്ചത്. ഇതിലൂടെ മഴയുടെ ദൈവമായ ഇന്ദ്രന്‍ പ്രസാദിച്ചെന്നും ആവശ്യത്തിന് മഴ ലഭിച്ചെന്നുമാണ് വിശ്വാസം. കര്‍ണാടകത്തില്‍ നിന്നും പ്രത്യേകം ശില്‌പികളെ ഇവിടെയെത്തിച്ച് തടിയിലായിരുന്നു ശില്‌പങ്ങള്‍ നിര്‍മിച്ചത്. ഓരോ ഉത്സവത്തിനും പ്രത്യേകമായി ശില്‌പങ്ങള്‍ നിര്‍മിക്കാറില്ല.
അറ്റകുറ്റപണി നടത്തി പുനരുപയോഗിക്കാറാണ് പതിവ്. കാലപ്പഴക്കത്തില്‍ നശിച്ചു പോവുകയാണെങ്കില്‍ മാത്രം പുതിയത് നിര്‍മിക്കും. 1990ൽ നിർമിച്ച ഫൈബർ ഗ്ലാസിലുള്ള ശിൽപങ്ങളാണ് ഇപ്പോൾ ക്ഷേത്രത്തിലുള്ളത്. അന്തരിച്ച ക്ഷേത്ര സ്ഥാനീയനും തിരുവിതാകൂര്‍ കൊട്ടാരാംഗവുമായ മാര്‍ത്താണ്ഡവര്‍മയാണ് ശില്‌പങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയത്. തടിയില്‍ നിര്‍മിക്കുന്നവ വേഗത്തില്‍ കേടുവരുന്നതിനാലാണ് നിര്‍മാണത്തിന് മറ്റൊരു മാര്‍ഗമെന്ന നിലയില്‍ ഫൈബര്‍ ഗ്ലാസില്‍ നിര്‍മാണം നടത്തിയത്.