ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം - ശ്രീപത്മനാഭസ്വാമി
ചരിത്രത്തിലാദ്യമായി ശ്രീപത്മനാഭന് ആറാട്ട് നടന്നത് ക്ഷേത്രക്കുളമായ പത്മതീർത്ഥത്തിലായിരുന്നു
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ആറാട്ടോടെ സമാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി ശ്രീപത്മനാഭന് ആറാട്ട് നടന്നത് ക്ഷേത്രക്കുളമായ പത്മതീർത്ഥത്തിലായിരുന്നു. കിഴക്കേനടയിലെ നാടകശാല മുഖപ്പ് വഴിയാണ് ആറാട്ട് എഴുന്നള്ളിപ്പ് ഘോഷയാത്ര പുറത്ത് വന്നത്. നവരാത്രി മണ്ഡപത്തിൽ എതിർവശത്തുള്ള കടവിൽ ശ്രീപത്മനാഭസ്വാമി മറ്റു രണ്ടു വിഗ്രഹങ്ങൾക്കും ആറാട്ട് നടന്നു. ശ്രീപത്മനാഭ ക്ഷേത്രത്തിലെ കൂടിയാറാട്ടിനെത്തിയ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്ക് കിഴക്ക് ഭാഗത്തുള്ള കൽമണ്ഡപങ്ങളിൽ ഇറക്കി പൂജയും ആറാട്ടും നടന്നു. ആറാട്ടിന് ശേഷം വിഗ്രഹങ്ങളെ കിഴക്കേ നട വഴിയാണ് അകത്ത് എഴുന്നള്ളിച്ചത്. ക്ഷേത്ര സ്ഥാനിയായ മൂലം തിരുന്നാൾ രാമവർമ്മ ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. സാധാരണ ശംഖുമുഖം കടപ്പുറത്തായിരുന്നു അഘോഷമായി ആറാട്ട് നടക്കാറ്. ഘോഷയാത്ര കടന്ന് പോകാനായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടുകയും പതിവായിരുന്നു. ഈ കീഴ് വഴക്കമാണ് കൊവിഡ് കാരണം മാറ്റിവച്ചത്.