തിരുവനന്തപുരം : കൊവിഡ് വിവര ശേഖരണത്തിന് സ്പ്രിങ്ക്‌ളര്‍ കമ്പനിയെ നിയമിച്ച എം. ശിവശങ്കറിന്‍റെ നടപടിയ്‌ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സ്പ്രിങ്ക്ളര്‍ ഡാറ്റ ശേഖരണം വിവാദമായതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ മുന്‍ വ്യോമയാന സെക്രട്ടറി മാധവമേനോന്‍, സൈബര്‍ സുരക്ഷ വിദഗ്‌ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പഠിച്ച് ശശിധരന്‍ നായര്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ശിവശങ്കറിന് ക്‌ളീന്‍ ചിറ്റ് നല്‍കിയത്.
'ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല'
കരാറില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നത് മാത്രമാണ് ശിവശങ്കറിന്‍റെ ഭാഗത്തെ പ്രധാന വീഴ്‌യായി ചൂണ്ടിക്കാട്ടുന്നത്. കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും അതില്‍ പൂര്‍ണ ഉത്തരവാദിയായ എം. ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ശശിധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സ്‌പ്രിങ്ക്‌ളറുമായി ഡാറ്റ ശേഖരണത്തിന് കരാറുണ്ടാക്കിയത് ഐ.ടിയുടെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയെ അറിയിച്ചില്ല, സ്വകാര്യ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ഡാറ്റയ്‌ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയില്ല. ധന, തദ്ദേശഭരണ, നിയമ, ആരോഗ്യ സെക്രട്ടറിമാരുമായോ ചീഫ് സെക്രട്ടറിയുമായോ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.