തിരുവനന്തപുരം : വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 13 ഇനങ്ങൾക്ക് ഇപ്പോഴും സപ്ലൈകോയിൽ (Supplyco) ഒരേ വിലയാണെന്നും ഏറ്റവും കുറവ് വിലക്കയറ്റ തോത് കേരളത്തിലാണെന്നും പുത്തരിക്കണ്ടം മൈതാനത്ത് ഓണച്ചന്തയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ഫലപ്രദമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചു. സപ്ലൈകോയിലൂടെ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് കുപ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2016 മുതൽ 13 ഇനങ്ങൾക്ക് വില കൂട്ടിയിട്ടില്ല. ചിലർ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്.
ചില സ്ഥലങ്ങളിൽ സാധനങ്ങൾ വേഗത്തിൽ തീർന്നുപോകും. അങ്ങനെ വന്നാൽ ചില സാധനങ്ങൾ കിട്ടില്ല. നല്ല രീതിയിലുള്ള വിൽപ്പനയാണ് ഉണ്ടാകുന്നത്. പച്ചക്കറി വില 37 ശതമാനമാണ് രാജ്യത്ത് ഉയർന്നത്. വില വർധന നിയന്ത്രിക്കാനുള്ള ശ്രമം രാജ്യത്ത് നടന്നില്ല. കേന്ദ്ര സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ താഴ്ന്ന നിലയിൽ നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഫലപ്രദമായ പൊതു വിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. 1600ൽ പരം സപ്ലൈകോ ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. പ്രതിമാസം 40 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിൽ നിന്ന് സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നത്.