തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിൻ്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. അതിവേഗം പടരുന്ന വൈറസിൻ്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ ഇനവും കേരളത്തിൻ്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശനമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വർധിക്കാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Reaf more: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഇല്ല ; വാരാന്ത്യ മിനി ലോക്‌ഡൗണ്‍ തുടരും
ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം. വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അർധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്‌ച അവധി നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.