തിരുവനന്തപുരം:പൊതുജനങ്ങളുടെ ജീവൻ കാറ്റിൽപ്പറത്തി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് സർക്കുലർ. ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനങ്ങൾ വിശദീകരിച്ചാണ് ജൂലൈയിൽ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സ്വിഫ്റ്റിന്‍റെ സ്പെഷ്യൽ ഓഫിസർ ആണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത്.
ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന–ദേശീയപാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കുമ്പോഴാണ് സ്വിഫ്റ്റ് ബസുകൾക്ക് നിയന്ത്രണമില്ലാതെ ചീറിപ്പായാമെന്ന സർക്കുലർ പുറത്തിറക്കിയിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
"സർവിസുകളുടെ ഷെഡ്യൂൾ സമയം ബസ് സ്റ്റേഷനുകളിലും ബസുകളിലും പ്രദർശിപ്പിക്കാനും ബസുകളുടെ സ്‌പീഡ് ലിമിറ്റ് 110 kmph ആയി വർധിപ്പിക്കാനും ഇടയ്ക്കുള്ള ടെർമിനൽ ഗ്യാപ്പ് (റസ്റ്റ്) വർധിപ്പിക്കാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂൾ എല്ലാ യൂണിറ്റുകളിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷൻ സമയബന്ധിതമായി നടത്താൻ സ്പെഷ്യൽ ഓഫിസർ സ്വിഫ്റ്റ് നടപടി സ്വീകരിക്കണം" എന്നാണ് സർക്കുലറിൽ പറയുന്നത്.
വടക്കഞ്ചേരിയിലെ ദാരുണ ദുരന്തത്തിന് കാരണം ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ ദുരന്തത്തിന്‍റെ ആഘാതം കെട്ടടങ്ങുന്നതിന് മുൻപാണ് ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പിച്ച് സ്വിഫ്റ്റ് ബസുകൾക്ക് യഥേഷ്‌ടം ചീറിപ്പായാമെന്ന സർക്കുലർ പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം.