തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ 25 ദിവസമായി തലസ്ഥാനത്ത് സമരം ചെയ്യുകയാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർ. ഇതിനിടെ തങ്ങൾ തൊഴിൽ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ നടത്തിയ പ്രസ്‌താവന നുണയാണെന്നും ആരോപിച്ച് സ്പെഷ്യലിസ്റ്റ് അധ്യാപക സംഘടന രംഗത്തു വന്നു. 14,000 രൂപ ശമ്പളമുണ്ടായിരുന്ന സമയത്ത് സ്‌കൂളുകളിൽ രണ്ടാം ശനിയും ഞായറാഴ്‌ചയും ഒഴികെ എല്ലാ ദിവസങ്ങളിലും തങ്ങളെ ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും സംഘടന ആരോപിച്ചു.
കരാർ അടിസ്ഥാനത്തിൽ പാർട് ടൈം ആയി ജോലി ചെയ്യുമ്പോഴും എല്ലാ സ്‌കൂൾ പ്രവൃത്തി ദിനങ്ങളിലും ജോലിക്ക് പോയിട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. ബജറ്റ് സമ്മേളനത്തിലാണ് സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചത്. മാസം 10,000 രൂപ നിലവിലെ ജീവിത ചെലവിന് മതിയാകില്ല എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
സ്പെഷ്യലിസ്റ്റ് അധ്യാപകർ പാർട് ടൈം ആയി ആഴ്‌ചയിൽ നാലു ദിനങ്ങൾ മാത്രമാണ് ജോലി ചെയ്യുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഈ വാദം തള്ളി അധ്യാപകർ ഹാജർ രേഖ പുറത്തുവിട്ടു. പ്രതിമാസം 14,000 രൂപ നൽകി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുഴുവൻ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനവും ഉണ്ടാകണമെന്നാണ് നിർദേശം.