തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷണം തുടങ്ങിയതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റവന്യൂ വകുപ്പ് ഉത്തരവ് ഇഷ്ടം പോലെ വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായത്. തുടക്കം മുതല്‍ പഴുതടച്ച പരിശോധനയും നിയമം അനുശാസിക്കുന്ന ശിക്ഷയും കുറ്റക്കാര്‍ക്ക് ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടൂ ടയര്‍ അന്വേഷണ സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.
Read More...........മുട്ടിൽ മരംമുറി കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ഡിവിഷണല്‍ ഓഫീസര്‍മാരുടെ അഞ്ചംഗ സംഘമാണ് പ്രഥമിക സ്‌ക്വാഡിലുള്ളത്. ഇവയുടെ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ക്കായി ഉത്തര മേഖലയിലും ദക്ഷിണ മേഖലയിലും പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ഇഷ്ടാനുസരണം എന്തും ചെയ്യാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റിവെക്കണമെന്നും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ഡിഎഫ്ഒ ധനേഷ് കുമാറിന്‍റെ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികത ഇല്ലെന്നും കൂടുതല്‍ ചുമതലകള്‍ നല്‍കാനുള്ള നടപടികളാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
മരംമുറി കേസില്‍ കുറ്റകൃത്യങ്ങള്‍ എല്ലാം കണ്ടുപിടിച്ചത് മുന്‍ വനമന്ത്രിയുടെ കാലത്താണ്. കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. റവന്യൂ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങളില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ സാധിക്കില്ലെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.