തിരുവനന്തപുരം: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക സംവിധാനത്തിലൂടെ ഇനി വോട്ട് ചെയ്യാം. ആശുപത്രികളിലും താമസ സ്ഥലത്തും എത്തിയാണ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രത്യേക വോട്ടർമാരുടെ ആദ്യ പട്ടികയിൽ നവംബർ 30 വരെ മുപ്പതിനായിരത്തോളം പേർ ഇടംപിടിച്ചു.
കൊവിഡ് രോഗികൾക്കുള്ള പ്രത്യേക തപാൽ വോട്ടിന് നടപടികൾ തുടങ്ങി
ആശുപത്രികളിലും താമസ സ്ഥലത്തും എത്തിയാണ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തുന്നത്
ഇവർക്ക് തപാൽ ബാലറ്റ് വിതരണം ചെയ്യാൻ 1500 ഓളം ഉദ്യോഗസ്ഥരുടെ സംഘമാണ് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് വീടുകളിൽ എത്തുന്നത്. ജില്ലാ മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ നിന്നാണ് പ്രത്യേക വോട്ടർമാരുടെ പട്ടിക തയ്യാറാക്കിയത്.
പട്ടികയിൽ ഉൾപ്പെട്ടവർ വോട്ടെടുപ്പിന് മുമ്പ് കൊവിഡ് മുക്തർ ആയാലും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയാലും തപാൽ വോട്ട് മാത്രമേ ചെയ്യാൻ സാധിക്കൂ. പോളിങ് ബൂത്ത് ഓഫിസർമാരുടെ കൈവശമുള്ള പട്ടികയിലും ഇവരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കും. മറ്റുജില്ലകളിൽ ചികിത്സയിൽ കഴിയുന്നവരുടെ പട്ടികയും വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പ് കലക്‌ടർമാർക്ക് കൈമാറും.