ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസം തുടരുമെങ്കിലും ഇക്കൊല്ലവും നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആയിരിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ തലവനാണ്. അതിനാല്‍ സര്‍ക്കാരിന്‍റെ നയം പറയേണ്ടത് ഗവര്‍ണറാണ്. ലോക കേരള സഭ സമ്പൂര്‍ണ പരാജയം എന്നു പറയേണ്ടത് പ്രതിപക്ഷ നേതാവല്ല, അതില്‍ പങ്കെടുത്തവരാണ്. പ്രതിപക്ഷത്തെ ലോക കേരള സഭയുമായി സഹകരിപ്പിക്കാനുള്ള ശ്രമം തുടരും. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഇക്കൊല്ലവും നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആരംഭിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ ഒരു തെറ്റുമില്ലെന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സ്‌പീക്കര്‍ പറഞ്ഞു.
ലോക കേരള സഭയില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നത് സഭയുടെ നിറം കെടുത്തിയോ?
പ്രതിപക്ഷ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നു. പ്രതിപക്ഷ ശബ്ദം ഉയരുന്നതില്‍ അവിടെ ഒരു തടസവും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് ബഹിഷ്‌കരിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ലോക കേരളസഭയില്‍ നിന്ന് മാറ്റി വയ്ക്കണം എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അത് ഇനിയും തുടരും.
കേരള സഭയിലേക്ക് പലവട്ടം ക്ഷണിച്ചിട്ടും പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയം കളിച്ചുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ എങ്ങനെ കാണുന്നു?
പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയം കളിച്ചുവെന്ന അഭിപ്രായമില്ല. അവര്‍ ഇടയ്ക്ക് വിട്ടു പോയി. അവരെ യോജിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് മനസിലാക്കുന്നത്.