തിരുവനന്തപുരം: ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ബോധവൽകരണം ഏർപ്പെടുത്തുമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. ഒരാഴ്‌ചത്തെ ബോധവൽകരണ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെ പരിപാടി നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
വിവിധ ആദിവാസി മേഖലയിൽ നിലവിൽ 16 മൊബൈൽ യൂണിറ്റുകളും അഞ്ച് അലോപ്പതി ഒപികളും പ്രവർത്തനത്തിലാണ്. ആവശ്യമെങ്കിൽ കൂടുതൽ സൗകര്യം ഇവിടെ ഒരുക്കും. നവജാത ശിശു മരണം ഇല്ലാതാക്കാൻ ജനനി ജന്മരക്ഷ പദ്ധതിയും, കമ്മ്യൂണിറ്റി കിച്ചനുകളും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതികൾ ഫലപ്രദമാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.