തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നിയമസഭ പ്രമേയം പാസാക്കുക. രാവിലെ ഒമ്പത് മണി മുതൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക സഭാസമ്മേളനമാണ് നാളെ ചേരുന്നത്.
പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കും
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നിയമസഭ പ്രമേയം പാസാക്കുക. ഏക ബിജെപി അംഗമായ ഒ. രാജഗോപാൽ പ്രമേയത്തിനെ എതിർക്കും
കർഷക നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏക ബിജെപി അംഗമായ ഒ. രാജഗോപാൽ പ്രമേയത്തിനെ എതിർക്കും. അതുകൊണ്ടുതന്നെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാനുള്ള സർക്കാർ ശ്രമം നടക്കില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകിയത്. ഈ മാസം 23ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാൽ ഇതിന് ഗവർണർ അനുമതി നൽകിയില്ല. തുടർന്നാണ് നാളെ നിയമസഭ ചേരാൻ തീരുമാനിച്ചു.
സഭ ചേരുന്നതിലെ അടിയന്തര വിഷയം അറിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. തുടർന്ന് നിയമ മന്ത്രി എ.കെ ബാലൻ, കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ തുടങ്ങിയവർ ഗവർണറെ നേരിട്ട് സന്ദർശിച്ച് സർക്കാർ നിലപാട് അറിയിച്ചു. ഇതിനുശേഷമാണ് നിയമസഭ ചേരാൻ ഗവർണർ അനുമതി നൽകിയത്. നാളെ നടക്കുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം ജനുവരി എട്ടിന് സഭ വീണ്ടും സമ്മേളിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ജനുവരി എട്ടിന് സഭാസമ്മേളനം തുടങ്ങുക.