തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം സംബന്ധിച്ച തീരുമാനം ഉടനെന്ന് രാജ്ഭവൻ. ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഡിസംബർ 31ന് തന്നെ നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകുമെന്നാണ് സൂചന. മന്ത്രിമാരായ എ.കെ ബാലൻ, വി.എസ് സുനിൽകുമാർ എന്നിവർ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പ്രത്യേക നിയമസഭാ സമ്മേളനം; തീരുമാനം ഉടനെന്ന് രാജ്ഭവൻ
ഡിസംബർ 31ന് തന്നെ നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകുമെന്ന് സൂചന
നിയമസഭാ സമ്മേളനം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിസഭയുടെ നിലപാട് മന്ത്രിമാർ ഗവർണറെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാൻ ഗവർണർ തീരുമാനമെടുക്കുന്നത് എന്നാണ് സൂചന. കേന്ദ്ര സർക്കാരിൻ്റെ വിവാദമായ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിന് ഡിസംബർ 23ന് നേരത്തെ സഭ ചേരാൻ സർക്കാർ തീരുമാനിച്ചിരുന്നു. അടിയന്തര സ്വഭാവമില്ല എന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഇതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇതേ തുടർന്ന് ഡിസംബർ 31ന് സഭ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഗവർണർക്ക് വീണ്ടും ശുപാർശ നൽകി. ഇക്കാര്യത്തിൽ ഇനിയും വിവാദങ്ങൾ വേണ്ട എന്ന നിലപാടാണ് ഗവർണർക്ക്. അനുമതി ലഭിക്കുകയാണെങ്കിൽ ഡിസംബർ 31ന് തന്നെ സഭ ചേരും. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ നീക്കം. പ്രമേയം അല്ല കാർഷിക നയങ്ങൾക്കെതിരായ നിയമനിർമാണം വേണം എന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.