തിരുവനന്തപുരം:ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന നടപടികള്‍ സിപിഎം ഊര്‍ജിതമാക്കുന്നതിനിടെ ജോസഫ് വിഭാഗം എംഎല്‍എ മാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ കടുപ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ജോസഫ് പക്ഷം നിയമസഭയില്‍ വിപ്പു ലംഘിച്ചെന്നാരോപിച്ച് ജോസ് പക്ഷം നല്‍കിയ പരാതിയില്‍ അയോഗ്യരാകാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എ മാരായ പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസ് നല്‍കി. ഓഗസ്റ്റ് 24ന് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ജോസഫ് പക്ഷം വിപ്പു ലംഘിച്ചുവെന്നാരോപിച്ച് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്കു നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ വിശദീകരണം തേടിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ജോസഫും മോന്‍സ് ജോസഫും യുഡിഎഫിനൊപ്പം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ ജോസ് പക്ഷ എംഎല്‍എ മാരായ റോഷി അഗസ്റ്റിനും ഡോ എന്‍ ജയരാജും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് ചീഫ് വിപ്പ് എന്ന നിലയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന വിപ്പാണ് റോഷി അഗസ്റ്റിന്‍ നല്‍കിയത്.
എന്നാല്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്യണം എന്ന വിപ്പ് മോന്‍സ് ജോസഫും നല്‍കി. കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിനു മുന്‍പ് റോഷി അഗസ്റ്റിന്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പും മോന്‍സ് ജോസഫ് ഡെപ്യൂട്ടി ചീഫ് വിപ്പുമായിരുന്നു. എന്നാല്‍ പാര്‍ട്ടി പിളര്‍പ്പിനു ശേഷം ജോസഫ് വിഭാഗത്തിലെ മൂന്ന് എം.എല്‍.എ മാര്‍ യോഗം ചേര്‍ന്ന് റോഷി അഗസ്റ്റിനെ ചീഫ് വിപ്പു സ്ഥാനത്തു നിന്ന് നീക്കി മോന്‍സ് ജോസഫിനെ പകരം തിരഞ്ഞെടുത്തു. ഇക്കാര്യം സൂചിപ്പിച്ച് സ്പീക്കര്‍ക്ക് ജോസഫ് വിഭാഗം കത്തും നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്ന് മോന്‍സ് വിപ്പു നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ വിപ്പ് താനാണെന്നും തന്‍റെ വിപ്പിനാണ് നിയമസാധുതയുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റോഷി സ്പീക്കര്‍ക്ക് വിപ്പ് ലംഘന പരാതി നല്‍കിയത്. ഈ പരാതിയിലാണ് സ്പീക്കര്‍ ഇപ്പോള്‍ ജോസഫ് പക്ഷത്തോട് വിശദീകരണം തേടിയത്.