തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതില്‍ ചട്ടങ്ങള്‍ അനുസരിക്കണമെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ്. അടുത്ത നിയമസഭ സമ്മേളനം മുതല്‍ ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതില്‍ കർശന മാനദണ്ഡം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച ചോദ്യം സ്റ്റാർഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ചോദ്യങ്ങളാവാം, ചട്ടങ്ങള്‍ അനുസരിക്കണമെന്ന് മാത്രം, തീരുമാനം കടുപ്പിച്ച് സ്‌പീക്കര്‍ - news updates in Thiruvanathapuram
എഡിറ്റിങ് നടത്തുമ്പോള്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പരാതികള്‍ ഉയരാറുണ്ടെന്ന് സ്‌പീക്കര്‍ എം ബി രാജേഷ്
ഇത്തരത്തിലുള്ള ദുരാരോപണങ്ങൾ ചോദ്യമായി ഉൾപ്പെടുത്തരുതെന്ന റൂളിങ് മറികടന്നാണ് ഈ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയതിന് മറുപടിയായാണ് സ്‌പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഉൾപ്പെടുത്തിയ ചോദ്യം സഭയിൽ ചോദിക്കാൻ സ്‌പീക്കർ അനുമതി നൽകി. എന്നാല്‍ മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ റൂളിങ് മറികടന്നുള്ള ചോദ്യത്തിന് ഉപചോദ്യങ്ങൾ ചോദിക്കില്ലെന്നും ചോദ്യം ബഹിഷ്‌കരിക്കുന്നതായും വി.ഡി സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ സമാന ചോദ്യങ്ങൾ എഡിറ്റ് ചെയ്‌ത് അൺസ്റ്റാർഡ് വിഭാഗത്തിലേക്ക് മാറ്റിയതായി വി.ഡി സതീശൻ ആരോപിച്ചു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ ഗൂഢാലോചന, മുഖ്യമന്ത്രിയുടെ വാഹനം തകർക്കാൻ ശ്രമിച്ച കേസിൽ പിടിയിലായവരുടെ രാഷ്‌ട്രീയബന്ധം, ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഗൂഢാലോചന നടത്തിയ കേസിലെ വിചാരണ തുടങ്ങിയവ സംബന്ധിച്ചായിരുന്നു ഭരണപക്ഷത്തിന്‍റെ ചോദ്യങ്ങൾ. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ.സുധാകരനാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഗൂഢാലോചനയിൽ സുധാകരൻ പങ്കാളിയാണെന്ന് സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.