തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഇസാന് രക്ഷകനായത് നിയമസഭ സ്‌പീക്കര്‍ എം.ബി രാജേഷ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്‌പീക്കറുടെ യാത്രക്കിടയിലാണ് സംഭവം.
സംഭവം ഇങ്ങനെ:കണിയാപുരം ജൗഹറ മൻസിലിൽ ഷെബിൻ, ഭാര്യ സഹ്റ, ഏഴു മാസം പ്രായമുള്ള മകൻ ഇസാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സ്‌പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരം കുറക്കോട് എത്തിയപ്പോൾ റോഡില്‍ ഒരു കുഞ്ഞ് കിടക്കുന്നത് കണ്ടു. ഉടൻ വാഹനം നിർത്തി ഇറങ്ങിനോക്കിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും തൊട്ടടുത്തായി കുഞ്ഞിന്‍റെ മാതാവിനെ പരിക്കുപറ്റിയ നിലയിലും കണ്ടെത്തി.
അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്‌പീക്കര്‍ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കി. ഒപ്പം കുഞ്ഞ് ഇസാനെ സ്‌പീക്കറും ഒപ്പമുണ്ടായിരുന്ന പി.എ സുധീഷും ചേർന്ന് വാരിയെടുത്തു.