തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ താനും എം സ്വരാജും അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്‌ത് തന്ത്രങ്ങള്‍ മെനഞ്ഞിട്ടും അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം കുതിച്ചുയരുന്നതാണ് കണ്ടതെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നിയമസഭ സാമാജികനായ ഉമ്മന്‍ ചാണ്ടിയെ നിയമസഭ പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി ആദരിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു സ്‌പീക്കർ.
ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ ഞാനും സ്വരാജും തന്ത്രങ്ങൾ മെനഞ്ഞു; സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ - എം സ്വരാജ്
ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നിയമസഭ സാമാജികനായ ഉമ്മന്‍ ചാണ്ടിയെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി ആദരിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസിനോട് 9044 വോട്ട് ഭൂരിപക്ഷത്തോടെയാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. 2020ല്‍ നിയമസഭ അംഗമായി 50 വര്‍ഷം പിന്നിട്ട ഉമ്മന്‍ ചാണ്ടി 2004-2006, 2011-2016 എന്നീ വര്‍ഷങ്ങളില്‍ രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍വകുപ്പ് മന്ത്രി (1977 - 1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നും തുടര്‍ച്ചയായി 12 തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ്. പുസ്‌തകോത്സവം വായനയ്ക്ക് പ്രചോദനം നല്‍കിയെന്നും ഷംസീറിന്‍റെ നടപടികള്‍ നിയമസഭയ്ക്ക് അഭിമാനമുണ്ടാക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2024 ജനുവരി എട്ട് മുതല്‍ 14 വരെ നടക്കുന്ന രണ്ടാമത് നിയമസഭ രാജ്യാന്തര പുസ്‌തകോത്സവത്തിന്‍റെ ലോഗോ ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്‌തു.