തിരുവനന്തപുരം : സ്പെയിനിലെ അവസാനത്തെ ഫാസിസ്റ്റ് ഭരണാധികാരിയായ ഫ്രാൻസിസ്കോ ഫ്രാൻകോയുടെ പതനത്തിന് ശേഷം അധികാരത്തിൽ എത്തിയ ജനാധിപത്യ ഗവൺമെന്‍റിന്‍റെ പ്രാരംഭ കാലഘട്ടത്തിൽ സ്പെയിനിലെ ജയിലുകളിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്‌ത പ്രിസൺ 77 ചർച്ച ചെയ്യുന്നത്. മണി ഹീസ്റ്റ് പരമ്പരയിലെ റിയോയെ അവതരിപ്പിച്ച മിഗ്വൽ ഹെറാൻ ആണ് നായകന്‍. ജയിൽ ചാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടുന്ന ഒരു കൂട്ടം തടവുകാരുടെ സ്ഥിരം ക്ലീഷേയെ തകർത്തുകൊണ്ട് മനുഷ്യാവകാശങ്ങൾക്കായി ജയിലിനുള്ളിൽ പ്രതിഷേധവും കലാപവും സൃഷ്‌ടിക്കുകയാണ് ജയിൽ പുള്ളികൾ ചിത്രത്തിൽ. ബാങ്കിൽ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്ന മാനുവൽ 12,000 യൂറോ വെട്ടിച്ചതിൽ കുറ്റമാരോപിക്കപ്പെട്ട് വിചാരണയില്ലാതെയാണ് ജയിലിലേക്ക് എത്തുന്നത്.
IFFK 2022 | 'പ്രിസൺ 77' ; സ്‌പെയിനിലെ ജയില്‍ കലാപത്തിന്‍റെ ഉള്ളുലയ്ക്കുന്ന നേര്‍ക്കാഴ്‌ച - ആൽബർട്ടോ റോഡ്രിഗസ്
സ്‌പെയിനിലെ ജയില്‍ ജീവിതം പ്രമേയമാക്കി ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് പ്രിസൺ 77. മണി ഹീസ്റ്റ് പരമ്പരയിലെ റിയോയെ അവതരിപ്പിച്ച മിഗ്വൽ ഹെറാൻ ആണ് നായകന്‍. ഐഎഫ്‌എഫ്‌കെ വേദിയില്‍ ഏറെ ശ്രദ്ധേയമായ ചിത്രം കൂടിയാണ് പ്രിസണ്‍ 77
![IFFK 2022 | 'പ്രിസൺ 77' ; സ്‌പെയിനിലെ ജയില്‍ കലാപത്തിന്‍റെ ഉള്ളുലയ്ക്കുന്ന നേര്‍ക്കാഴ്‌ച Alberto Rodríguez Spanish movie Prison 77 review Prison 77 movie by Alberto Rodríguez Director Alberto Rodríguez Spanish movie Prison 77 Prison 77 ഐഎഫ്‌എഫ്‌കെയില്‍ കൈയടി നേടി പ്രിസൺ 77 ഐഎഫ്‌എഫ്‌കെ പ്രിസൺ 77 ആൽബർട്ടോ റോഡ്രിഗസ് മിഗ്വൽ ഹെറാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17211167-thumbnail-3x2-fil.jpg)
തുടർന്ന് ജയിലിൽ നിന്ന് ലഭിക്കുന്ന പിനോ എന്ന സുഹൃത്തിനോടൊപ്പം അവിടുത്തെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് മാനുവൽ നേതൃത്വം വഹിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒഴിഞ്ഞു പോയ ഫാസിസ്റ്റ് നാൾവഴികൾ സമൂഹത്തിന്‍റെ അരക്ഷിതാവസ്ഥകളിലും അധികാര വികേന്ദ്രീകരണ സംവിധാനങ്ങളിലും അവശേഷിക്കുന്നതിനെ ചിത്രം തുറന്നുകാട്ടുന്നു. ജയിലിലെ കലാപവും തുടർന്ന് സ്പെയിനിലാകെ പടരുന്ന മനുഷ്യാവകാശ കൂട്ടായ്മകളുടെ ഇടപെടലുകളും തന്മയത്വത്തോടെയാണ് സംവിധായകൻ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
പിന്നീട് ഇതേ മനുഷ്യാവകാശ കൂട്ടായ്‌മകളുടെ പ്രവർത്തനങ്ങളെ സന്ദേഹത്തോടെ വിലയിരുത്തുന്നതിലൂടെ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ നയിക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കാല്‍പനിക വത്കരണം ഒഴിവാക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. മാനുവലും പിനോയും തമ്മിലുള്ള അരസികമായ സുഹൃദ് ബന്ധം സിനിമയ്ക്ക് ശക്തമായ അഖ്യാനശൈലി നൽകുന്നതായി കാണാം.