തിരുവനന്തപുരം:നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് മരുമകൻ ഭാര്യ മാതാവിനെ തലക്കടിച്ചു കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട മരുമകൻ റോബർട്ട് പൊഴിയൂർ പൊലീസ് പിടിയിൽ.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തങ്കത്തിന്‍റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. പ്രീതയുടെ ആദ്യ ഭർത്താവ് നാലു വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് ഊരമ്പ് സ്വദേശി റോബർട്ട് പ്രീതയ്ക്കൊപ്പം ചേരുകയായിരുന്നു.
പ്രീതയുടെ ആദ്യ ഭർത്താവിന്‍റെ മരണത്തെ തുടർന്ന് ലഭിച്ച തുക ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെ പ്രീതയെ റോബർട്ട് അതിക്രൂരമായി മർദിച്ചു. ഇരുമ്പ് ദണ്ഡുകൊണ്ടായിരുന്നു മർദനം. പ്രീതയെ രക്ഷിക്കാൻ എത്തിയതായിരുന്നു തങ്കം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാട്ടുകാരുടെ സഹായത്തോടെ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടതു കൈക്ക് പൊട്ടലുണ്ട്, തലയിലും പരിക്കേറ്റിട്ടുണ്ട്. റോബർട്ടിനെ നാട്ടുകാർ പിടികൂടിയായിരുന്നു പൊലീസിൽ ഏൽപ്പിച്ചത്.
തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബർട്ട് എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം തങ്കത്തിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ പത്തനംതിട്ട എനാദിമംഗലത്ത് വീട്ടമ്മയെ ഗുണ്ടാസംഘം തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. മക്കളെ അന്വേഷിച്ചെത്തിയ ഗുണ്ട സംഘമാണ് അവരെ കാണാത്തതിനെത്തുടർന്ന് അമ്മയായ സുജാതയെ കൊലപ്പെടുത്തിയത്. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനായിരുന്നു മാരകായുധങ്ങളുമായി മാരൂരുള്ള സുജാതയുടെ വീട്ടിലേക്ക് ഗുണ്ടാസംഘം അതിക്രമിച്ച് കയറിയത്.